News
മാസ്റ്ററിനും ബീസ്റ്റിനും ശേഷം ആരാധകരെ ആവേശം കൊള്ളിക്കാന്‍ വീണ്ടും വിജയുടെ പാട്ട്; വാരിസിലൂടെ വീണ്ടും ഗായകനായി വിജയ്
മാസ്റ്ററിനും ബീസ്റ്റിനും ശേഷം ആരാധകരെ ആവേശം കൊള്ളിക്കാന്‍ വീണ്ടും വിജയുടെ പാട്ട്; വാരിസിലൂടെ വീണ്ടും ഗായകനായി വിജയ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റേതായി പുറത്തെത്താനുള്ള ‘വരിശ്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് വിവരം.
എസ് തമന്റെ സംഗീത സംവിധാനത്തില്‍ ഒരു തമാശപ്പാട്ടായിരിക്കും വിജയ് പാടുക എന്നാണ് വിവരം. വിജയുടെ തന്നെ ‘ബീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം വിജയ് ആലപിക്കുന്ന അടുത്ത ചിത്രമാണിത്. ‘രസിഗന്‍’ എന്ന ചിത്രത്തിനായാണ് വിജയ് ആദ്യം ഗാനം ആലപിക്കുന്നത്. പിന്നീട് ‘ദേവ’, ‘പ്രിയമുദന്‍’, ‘തുപ്പാക്കി’, ‘കത്തി’, ‘മാസ്റ്റര്‍’, ‘ബീസ്റ്റ്’ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു.
വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുക. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
