Tamil
ആ വിജയ് ചിത്രത്തില്‍ എത്തിയത് ബോഡി ഡബിള്‍; ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ അതൃപ്തി അറിയിച്ച് നടി
ആ വിജയ് ചിത്രത്തില്‍ എത്തിയത് ബോഡി ഡബിള്‍; ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ അതൃപ്തി അറിയിച്ച് നടി
വിജയ് ചിത്രത്തില്‍ നായികയ്ക്ക് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചതായി സംവിധായകന്‍ കെ സെല്‍വഭാരതി. ആക്ഷന്‍ രംഗങ്ങളിലാണ് സാധാരണയായി സിനിമകളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുള്ളത്. എന്നാല്‍ വിജയ് ചിത്രത്തില്‍ ഗാനരംഗത്തിലാണ് രംഭയ്ക്ക് പകരം ബോഡി ഡബിള്‍ എത്തിയത്.
1998ല്‍ പുറത്തെത്തിയ ‘നിനൈത്തേന്‍ വന്തായ്’ എന്ന ചിത്രത്തിലാണ് രംഭയ്ക്ക് പകരം ബോഡി ഡബിള്‍ കൊണ്ടുവന്നത്. ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘വണ്ണ നിലവേ’ എന്ന ഗാനത്തെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. രംഭയും ദേവയാനിയും ആയിരുന്നു ചിത്രത്തിലെ നായികമാര്‍.
വിജയ് അവതരിപ്പിക്കുന്ന ഗോകുലകൃഷ്ണന്‍ ഗൗണ്ടര്‍ എന്ന ഗോകുലിന്റെ സ്വപ്ന കാമുകിയാണ് രംഭ അവതരിപ്പിക്കുന്ന സ്വപ്ന. ഗോകുലിന്റെ ചിന്തയില്‍ അവള്‍ എത്തുന്ന രീതിയിലാണ് ‘വണ്ണ നിലവേ’യുടെ ദൃശ്യങ്ങള്‍. എന്നാല്‍ ഗാനത്തിലെ ബഹുഭൂരിപക്ഷം രംഗങ്ങളിലും രംഭയെയല്ല പ്രേക്ഷകര്‍ കാണുന്നതെന്ന് സംവിധായകന്‍ പറയുന്നു.
മറിച്ച് ഒരു ബോഡി ഡബിളിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഈ ഗാനരംഗം ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ആ സമയം ആവുമ്പോഴേക്ക് രംഭ ഒരു തെലുങ്ക് ചിത്രത്തിന്റെ തിരക്കുകളിലായി.
അവരെ തിരികെ വിളിക്കുന്നതിന് പകരം നര്‍ത്തകി കൂടിയായ ഒരു ബോഡി ഡബിളിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നായകന്റെ ചിന്തയില്‍ കടന്നുവരുന്ന, മുഖമില്ലാത്ത നായിക എന്ന സങ്കല്‍പത്തില്‍ ഗാനം ദൃശ്യവത്കരിച്ചാണ് സംവിധായകന്‍ ഇത് ചിത്രീകരിച്ചത്.
മിക്ക രംഗങ്ങളിലും മുഖം തുണി കൊണ്ട് മറച്ചാണ് നടി ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ ഗാനം ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണവെയാണ് രംഭയും കുടുംബവും ഈ ഗാനത്തെ കുറിച്ച് അറിയുന്നത്. അതൃപ്തി അറിയിച്ച അവര്‍ ഈ ഗാനരംഗത്തിന് ശേഷം തിയേറ്റര്‍ വിട്ടിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.
