News
ഗാന്ധിമതി ബാലന് മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവ്; വി ഡി സതീശന്
ഗാന്ധിമതി ബാലന് മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവ്; വി ഡി സതീശന്
ഗാന്ധിമതി ബാലന് മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു ബാലനെന്ന് അനുശോചന കുറിപ്പില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അനശ്വര സംവിധായകന് പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം.
തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്ക്കുമ്പോള് അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി. കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ബാലനായിരുന്നു.
തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന് നിറസാനിധ്യമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക്ചേരുന്നുവെന്ന് വി ഡി സതീശന് അനുശോചന കുറിപ്പില്‍ വി ഡി സതീശന് വ്യക്തമാക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ബാലന്റെ അന്ത്യം. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ നല്കിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്.
ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകള്‍ പറയും ബാലന് എന്ന നിര്‍മ്മാതാവിന്റെ മേല്‍വിലാസം. മലയാള സിനിമയുടെ തലപ്പൊക്കങ്ങളായ കെ.ജി ജോര്‍ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള്‍ പലതും പിറന്നത് ഈ ബാനറിലായിരുന്നു. മഹാന്മാരായ സംവിധായകരുമായുള്ള വ്യക്തിബന്ധങ്ങളും സൗഹൃദവും മികച്ച കലാസൃഷ്ടികള്ക്കായി കാശിറക്കാന്‍ ബാലന് എന്ന നിര്മ്മാതാവുമുണ്ടാതുകൊണ്ടാണ് ഒരുപക്ഷേ തൂവാനത്തുമ്പികളും പഞ്ചവടിപ്പാലവും മൂന്നാപക്കവും സുഖമോ ദേവിയും മലയാളത്തിന് ലഭിച്ചത്.
ബാലചന്ദ്ര മേനോന്, ശശികുമാര്‍, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിര്‍മിച്ചു. പത്മമരാജന്റെ അകാലവിയോഗത്തിന് ശേഷം ഗാന്ധിമതി ബാലന് പിന്നീട് സിനിമ നിര്‍മിച്ചില്ല. എന്നാല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആയിരുന്നു. 2015 നാഷണല്‍ ഗെയിംസിന്റെ ചീഫ് ഓര്‍ഗനൈസര്‍. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയ ബാലന്, അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷന്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.
63 വയസില്‍ ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്കുന്ന സ്ഥാപനം ആയി വളര്‍ത്തി.
ഭാര്യ അനിത ബാലന്. മക്കള്‍: സൗമ്യ ബാലന് (ഫൗണ്ടര്‍ ഡയറക്ടര്‍ ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്), അനന്ത പത്മനാഭന് (മാനേജിങ് പാര്‍ട്ണര്‍ മെഡ്റൈഡ്, ഡയറക്ടര്ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്, ഡയറക്ടര്‍ ഗാന്ധിമതി ട്രേഡിങ് & എക്സ്പോര്‍ട്സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).
