Malayalam
പ്രേം നസീറിനു മുന്നേ നായകനായി എത്തി, മുന്‍കാല നടന് വിടി ജോസഫ് അന്തരിച്ചു
പ്രേം നസീറിനു മുന്നേ നായകനായി എത്തി, മുന്‍കാല നടന് വിടി ജോസഫ് അന്തരിച്ചു
ആദ്യകാല മലയാള ചലച്ചിത്ര നടന് വിടി ജോസഫ്(89) അന്തരിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീര്‍ സിനിമയില്‍ എത്തുന്നതിനു മുന്‍പേ ജോസഫ് നായകനായി അഭിനയിച്ചു.
വെള്ളൂക്കുന്നേല്‍ അപ്പച്ചന് എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനില്‍കുമാര്‍ എന്ന പേരിലാണ് സിനിമയില്‍ അഭിനയിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങി.
1954ല്‍ കെ.വി.കോശി നിര്‍മിച്ച ‘പുത്രധര്‍മം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ചിത്രം സാമ്പത്തിക മായി പരാജയമായത് വിടി ജോസഫിനെ തളര്‍ത്തി.
തുടര്‍ന്നാണ് 1957ല്‍ പി.കെ.സത്യപാല്‍ നിര്‍മിച്ച ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തില്‍ സത്യനൊപ്പം അഭിനയിച്ചത്. കുമാരി തങ്കവും ശാന്തിയുമായിരുന്നു അതിലെ നായികമാര്‍. വാസ്കോഡഗാമ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ആ ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല.
കുടുംബത്തിന്റെ എതിര്‍പ്പു മൂലം അദ്ദേഹം സിനിമ അഭിനയം നിര്‍ത്തി. 20 വര്‍ഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്. ഭാര്യ: സരള. മക്കള്‍: ബിജു, ജൂഡി, ചിത്ര. മരുമക്കള്‍: മോനിക്ക, പരേതനായ ജോയി, വര്‍ഗീസ് കടവില്‍. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേല്‍ തെക്കുംഭാഗത്ത് കുടുംബാംഗമാണ്.
