Malayalam
എന്താ സാറേ വില്ലന്‍ ഗിഫ്റ്റ് ഇല്ലേ’…,; ജയിലര്‍ നിര്മാത്ക്കളോട് ചോദ്യങ്ങളുമായി ആരാധകര്‍
എന്താ സാറേ വില്ലന്‍ ഗിഫ്റ്റ് ഇല്ലേ’…,; ജയിലര്‍ നിര്മാത്ക്കളോട് ചോദ്യങ്ങളുമായി ആരാധകര്‍
ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരെ കയ്യിലെടുത്ത രജനികാന്ത് ചിത്രമായിരുന്നു ജയിലര്‍. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ റോളില്‍ എത്തി തിളങ്ങി. വന്‍ വരവേല്‍പ്പായിരുന്നു ഈ കാമിയോ റോളുള്ക്ക് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ ആദ്യദിനത്തിലെ അതേ ആവേശത്തിലാണ് വിനായകന്. വര്മന് എന്ന കഥാപാത്രമായെത്തിയ വിനായകനെ കണ്ട് തെന്നിന്ത്യ ഒന്നാകെ കയ്യടിച്ചു.
വിനായകനുമായി ബന്ധപ്പെട്ട ഒരുകാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിനായകന് എന്തുകൊണ്ട് കാറും ചെക്കും കൊടുത്തില്ല എന്നതാണ് അക്കാര്യം. രജനികാന്ത്, നെല്‍സണ്‍ ദിലീപ് കുമാര്‍, അനിരുദ്ധ് എന്നിവര്‍ക്ക് ജയിലറിന്റെ വിജയത്തില്‍ സമ്മാനമായി കാറും ചെക്കും നിര്‍മാതാക്കള്‍ കൈമാറിയിരുന്നു. അവര്‍ക്കൊപ്പമോ, അവരെക്കാള്‍ ഉപരിയോ സിനിമയുടെ വിജയത്തിന് കാരണമായ വിനായകന് സമ്മാനങ്ങള്‍ നല്‍കിയിരുന്നില്ല.
ഇതാണ് ‘വര്മന്’ ആരാധരെ ചൊടിപ്പിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ എല്ലാം വിനായന് സമ്മാനം കൊടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ‘പടം സൂപ്പര്‍, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല. കേരള നടന് വിനായകനാണ് ഈ പടം ഹിറ്റാകാന്‍ കാരണം. എല്ലാവര്ക്കും നിങ്ങള്‍ ഗിഫ്റ്റി കൊടുത്തു. വില്ലന്‍ എന്താ ഗിഫ്റ്റ് വേണ്ടയോ ?, വര്മ്മന് എന്ന കഥാപാത്രത്തെ വിനായകന് മികച്ചതാക്കി, ഒരു കാര്‍ അദ്ദേഹം അര്‍ഹിക്കുന്നു, വില്ലന്‍ നന്നായത് കൊണ്ടാണ് സിനിമയും നന്നായത്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കഴിഞ്ഞ ദിവസം തന്റെ കഥാപാത്രത്തെ കുറിച്ച് വിനായകന് പറഞ്ഞ കാര്യങ്ങള്‍ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും വിനായകന് ഗിഫ്റ്റ് കൊടുക്കണമെന്നും അദ്ദേഹം അതിന് അര്‍ഹനാണെന്നും ആവശ്യം ഉയര്‍ന്നിരുന്നു. സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത വിജയമാണ് വര്മന് ലഭിച്ചതെന്നും തനിക്ക് ഈ വേഷം നല്കിയ സംവിധായകനോടും രജനികാന്തിനോടും നിര്‍മാതാക്കളോടും നന്ദി അറിയിക്കുന്നുവെന്നും വിനായകന് പറഞ്ഞിരുന്നു.
അതേസമയം, തിങ്കളാഴ്ച കലാനിധി മാരന് ചിത്രത്തിന്റെ സംഗീത സംവിധായകന് അനിരുദ്ധിന് ചെക്ക് സമ്മാനിച്ചിരുന്നു. സണ്‍ പിക്ചേഴ്സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയിലെ ബിജിഎമ്മും ഗാനങ്ങളും ഒരുപോലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. ‘കാവാല’, ‘ഹുകും’ എന്നീ ഗാനങ്ങള്‍ ഈ വര്‍ഷത്തെ പ്ലേലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗാനങ്ങള്‍ ഉണ്ടാക്കിയ ട്രെന്‍ഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല.