News
വാരിസും തുനിവും ഒരേദിവസം ഇറങ്ങുമ്പോള്‍ ഏത് ചിത്രം ആദ്യം കാണും; മറുപടിയുമായി സംവിധായകന്
വാരിസും തുനിവും ഒരേദിവസം ഇറങ്ങുമ്പോള്‍ ഏത് ചിത്രം ആദ്യം കാണും; മറുപടിയുമായി സംവിധായകന്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഈ വരുന്ന പൊങ്കലിന് അജിത്ത് – വിജയ് ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. അജിത്ത് നായകനാവുന്ന തുനിവും വിജയ് നായകനാവുന്ന വാരിസും ഒരേദിവസം റിലീസ് ആവുകയാണ്. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിനെത്തുന്നത്.
തമിഴ്നാട്ടില്‍ 400 വീതം തിയേറ്ററുകളിലാണ് ഇരുചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുക. ഇവയുടെ റിലീസുമായി ബന്ധപ്പെട്ട് തുണിവിന്റെ സംവിധായകന് എച്ച്.വിനോദ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ രണ്ട് താരങ്ങളുടേയും ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വാരിസും തുനിവും ഒരേദിവസം ഇറങ്ങുന്നതിനാല്‍ ഏത് ചിത്രം ആദ്യം കാണും എന്ന തരത്തില്‍ പല യൂട്യൂബ് ചാനലുകളും വീഡിയോകള്‍ ചെയ്യുന്നുണ്ട്.
ഈയിടെ ഒരഭിമുഖത്തില്‍ സമാനരീതിയില്‍ ഒരു ചോദ്യം സംവിധായകന് എച്ച്.വിനോദിനും നേരിടേണ്ടിവന്നു. വാരിസായിരിക്കും താന്‍ ആദ്യം കാണുകയെന്നാണ് വിനോദ് യാതൊരു മടിയുമില്ലാതെ മറുപടി പറഞ്ഞത്. സംവിധായകനെന്ന നിലയില്‍ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് പലതവണ തുണിവ് കണ്ടതിനാലാണിതെന്നാണ് ഇതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം.
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മാതാവ് ബോണി കപൂര്‍, സംവിധായകന് എച്ച്.വിനോദ്, അജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജുവാര്യരാണ് നായിക. സമുദ്രക്കനി, ജോണ്‍ കൊക്കന് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. ജിബ്രാനാണ് സംഗീത സംവിധാനം. വിജയിന്റെ 66ാം ചിത്രമാണ് വാരിസ്. ബീസ്റ്റിന് ശേഷം വിജയ് നായകനാവുന്ന ചിത്രത്തില്‍ രശ്മിക മന്ദന്നയാണ് നായിക.
പ്രകാശ് രാജും എസ്.ജെ. സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.
