News
പിതാമകന്റെ നിര്‍മാതാവ് വിഎ ദുരൈ അന്തരിച്ചു
പിതാമകന്റെ നിര്‍മാതാവ് വിഎ ദുരൈ അന്തരിച്ചു
പിതാമകന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവ് വിഎ ദുരൈ അന്തരിച്ചു. 69 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ വിവിധ അവശതകളേത്തുടര്ന്ന് ചികിത്സയില്‍ തുടരവെയായിരുന്നു അന്ത്യം. രജനികാന്ത് നായകനായ ബാബ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു ദുരൈ.
ആശുപത്രിവാസത്തിനുശേഷം വീട്ടില്‍ ചികിത്സയില്ക്കഴിയുക ആയിരുന്നു. ബാബയ്ക്കും പിതാമകനും പുറമേ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരുപിടി ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് ദുരൈ. വിജയകാന്ത് നായകനായ ഗജേന്ദ്ര, സത്യരാജ് നായകനായ എന്നമ്മാ കണ്ണ്, വിവരമാന ആള്, കാര്‍ത്തിക് മുഖ്യവേഷത്തിലെത്തിയ ലൗലി എന്നീ ചിത്രങ്ങളും നിര്‍മിച്ചത് ദുരൈ ആയിരുന്നു.
പ്രമേഹം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കാല് മുറിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
തന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നടന്മാരായ രജനികാന്ത്, സൂര്യ, വിക്രം, രാഘവ ലോറന്‍സ്, കരുണാസ് തുടങ്ങിയവര്‍ ദുരൈക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.
ബാലയുടെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പിതാമകന്. സിത്തന് എന്ന കഥാപാത്രമായി വിക്രമും ശക്തി എന്ന കഥാപാത്രമായി സൂര്യയുമാണെത്തിയത്. സംഗീത, ലൈല, കരുണാസ്, മഹാദേവന് എന്നിവരായിരുന്നു മറ്റുവേഷങ്ങളില്‍. ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
