‘ആ കഥാപാത്രത്തെ പോലെയല്ല ഞാൻ യഥാര്‍ത്ഥ ജീവിതത്തില്‍;’സിനിമയില്‍ വില്ലത്തി റോള്‍ ആയാലും പാവം കുട്ടി റോളായാലും എനിക്ക് വിഷയമല്ല, ; ഉഷ
മലയാള സിനിമാ സിനിമ സീരിയൽ രംഗത്ത് എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഉഷ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം കൂടുതലും സഹോദരി, കൂട്ടുകാരി തുടങ്ങിയ റോളുകളിൽ ആണെത്തിയിത്. 1984ൽ മോഹൻലാൽ-ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഉഷയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെ നായികയുമായി. എന്നാൽ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി തുടങ്ങിയ സഹതാര വേഷങ്ങളിലൂടെയാണ് നടി ശ്രദ്ധനേടുന്നത്.
കിരീടത്തിലെ മോഹൻലാലിന്റെ സഹോദരി വേഷമാണ് ഇതിൽ ഏറെ ശ്രദ്ധനേടിയത്. ഇന്നും ഒരുപക്ഷെ പ്രേക്ഷകർ ഉഷയെ ഓർക്കുന്നത് ആ കഥാപാത്രത്തിലൂടെയാകും. അതേസമയം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് ഉഷ. നിരവധി പരമ്പരകളിലും ഉഷ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കിരീടത്തിലെ പോലെ ചർച്ചയായ ഒരു വേഷം ഉഷയുടെ കരിയറിൽ ഉണ്ടായിട്ടില്ല.
നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് ഉഷ തിളങ്ങി നിൽക്കുന്നത്. കിരീടത്തിൽ പ്രേക്ഷകർ കണ്ടത് ലതയെന്ന പാവം യുവതിയുടെ വേഷത്തിലാണെങ്കിൽ സീരിയലിൽ നെഗറ്റീവ് വേഷങ്ങളിലാണ് ഉഷ കൂടുതലും എത്തുന്നത്. യഥാർത്ഥ ജീവിതത്തിലും താൻ ലതയെ പോലെ പാവം അല്ലെന്നും ഭയങ്കര സാധനമാണെന്നും ഉഷ പറയുന്നു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉഷ.
പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും ഉഷയുടെ കിരീടത്തിലെ ആ വേഷവും സങ്കട ഭാവവുമാണെന്ന് അവതാരക പറഞ്ഞപ്പോഴാണ് താരത്തിന്റെ പ്രതികരണം. ‘ആ കഥാപാത്രത്തെ പോലെയല്ല ഞാൻ യഥാര്‍ത്ഥ ജീവിതത്തില്‍. ഞാന്‍ ഭയങ്കര സാധനമാണ്. സ്ത്രീധനം സിനിമയിലൊക്കെ ഭയങ്കര വില്ലത്തിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ജീവിതത്തില്‍ ഞാന്‍ അത്രയും വില്ലത്തിയാണോ എന്ന് എന്നെ പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം’, ഉഷ പറയുന്നു.
‘സിനിമയില്‍ വില്ലത്തി റോള്‍ ആയാലും പാവം കുട്ടി റോളായാലും എനിക്ക് വിഷയമല്ല. കരയാന്‍ പറഞ്ഞാല്‍ കരയും ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കും. അതാണ് എന്റെ ജോലി’, ഉഷ വ്യക്തമാക്കി. ഇപ്പോള്‍ സിനിമകള്‍ക്കൊപ്പം സീരിയലുകളും ചെയ്യുന്നുണ്ടെന്നും ഉഷ പറഞ്ഞു. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് ഉഷ ഇപ്പോൾ അഭിനയിക്കുന്നത്. നെഗറ്റീവ് റോളിലാണ് ഉഷ സീരിയലിൽ എത്തുന്നത്.
നടി എന്നതിനപ്പുറം ഒരു നര്‍ത്തകി കൂടെയായ ഉഷ, ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നതിനെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ ആ തന്റെ ഡാൻസ് സ്‌കൂൾ വൈകാതെ പൊടിതട്ടിയെടുക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് നടി വ്യക്തമാക്കി. ഇതിനു പുറമെ അൽപം രാഷ്ട്രീയ പ്രവർത്തനങ്ങളുമുണ്ടെന്ന് ഉഷ പറയുകയുണ്ടായി. ലോക്കൽ കമ്മിറ്റിയുടെ ഭാഗമായുള്ള പുരോഗമന കലാസമിതിയുടെ പ്രസിഡന്റാണ്. അവിടുത്തെ കൊച്ചു കൊച്ചു കലാകാരന്മാരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന്റെ തിരക്കുകളുമുണ്ടെന്ന് ഉഷ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയിൽ വരാൻ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഉഷ പറഞ്ഞിരുന്നു. സിനിമാ താരം ആകാൻ കൊതിച്ച തന്റെ പിതാവിന്റെ ആഗ്രഹമാണ് തന്നെ നടിയാക്കിയതെന്നാണ് ഉഷ പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്തെ പ്രണയം എന്ന സിനിമയിലാണ് ഉഷ അവസാനമായി അഭിനയിച്ചത്.
