സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്; ഉര്‍വശി
പ്രവര്‍ത്തനമേഖലകളില്‍ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉര്‍വശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉര്‍വശി.
സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോര്‍ത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല.
ഗുരുക്കളെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും എനിക്ക് തന്നവയാണ് ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍. സംവിധാനത്തില്‍ മാത്രമല്ല ,സാങ്കേതിക മേഖലകളിലും സ്ത്രീകള്‍ മുന്നോട്ടു വരണം. മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിജയനിര്‍മ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതില്‍ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി ‘ദ ഗ്രീന്‍ ബോര്‍ഡര്‍’ പ്രദര്‍ശിപ്പിച്ചു. ഫെബ്രുവരി 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, സംഗീതപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. 2022ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ദേവി വര്‍മ്മയെ ചടങ്ങില്‍ ആദരിച്ചു.