Malayalam
മണി അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50ന്, 5.40 ന് എഴുന്നേറ്റ് ബിയര്‍ കുടിച്ചു; ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്; കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് ഉണ്ണിരാജന്‍ ഐപിഎസ്
മണി അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50ന്, 5.40 ന് എഴുന്നേറ്റ് ബിയര്‍ കുടിച്ചു; ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്; കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് ഉണ്ണിരാജന്‍ ഐപിഎസ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.
തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്.
മണിയുടെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്ന് ഉയര്‍ന്ന് വന്നിരുന്നു. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. സിബിഐ വരെ മരണത്തില്‍ അന്വേഷണം നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇപ്പോഴിതാ സഫാരി ടിവിയിലെ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ഉണ്ണിരാജന്‍ ഐപിഎസ്. മണിക്ക് ശാരീരികാസ്ഥ്യങ്ങള്‍ ഉണ്ടായ സമയത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
കലാഭവന്‍ മണിയ്ക്ക് ഒരു പാഡിയുണ്ട്. ചാലക്കുടി പുഴയുടെ തീരത്താണ്. അച്ഛന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലം. തൊട്ടപ്പുറത്ത് രണ്ട് റൂമും സിറ്റൗട്ടുമുള്ള ചെറിയൊരു വീടും കെട്ടിയിട്ടുണ്ട്. മിക്കവാറും താമസിക്കുന്നത് ഈ പാഡിയിലും വീട്ടിലുമായിരിക്കും. ചാലക്കുടിക്കാരുടെ ഇഷ്ട തോഴനായിരുന്നു മണി. അദ്ദേഹം അവിടെയുണ്ടെങ്കില്‍ പന്ത്രണ്ടോളം പേര്‍ അവിടെയുണ്ടാകും. ഭക്ഷണവും മദ്യവും ഉണ്ടാകും. നാലാം തിയതി മണി അവിടെ ആഘോഷിച്ചിട്ടുണ്ട്. ഇടുക്കി ജാഫര്‍, തരികിട സാബു, നാദിര്‍ഷ എന്നിവരൊക്കെ എത്തിയിട്ടുണ്ടായിരുന്നു.
മണി എട്ടോ പത്തോ ബിയര്‍ വാങ്ങി വെച്ചിട്ടുണ്ട്. മണി ബിയര്‍ മാത്രമേ കഴിക്കൂ. ശരീരം ശോഷിച്ച് വരുന്നുണ്ട്. ഡയബറ്റിക്കാണ്. ഇന്‍സുലിനും മെഡിസിനുമുണ്ട്. ഇടുക്കി ജാഫറും സാബുവുമൊക്കെ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയര്‍ കുടിച്ചു. മണി കിടന്നിരുന്ന റൂമില്‍ നിന്നും പുറത്ത് വന്ന് പാഡിയില്‍ കിടന്ന സുഹൃത്തുക്കളുടെ അടുത്ത് വന്ന് അവരെ കെട്ടിപ്പിടിച്ച് ഉറങ്ങി.
ഏഴ് മണിയോടെ മണി റൂമിലേയ്ക്ക് പോന്നു. ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്. ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സാരമില്ലെന്ന് മണി. സോഫ്റ്റ് ഡ്രിങ്ക്‌സ് ചോദിച്ചു. അത് കൊടുക്കാന്‍ വേണ്ടി വരുമ്പോള്‍ മണി വീണ്ടും ഛര്‍ദ്ദിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിച്ച് ഒന്നും പറയാതെ കിടന്നു. അയാള്‍ മണിയുടെ സുഹൃത്തുക്കളെയും മാനേജരെയും വിളിച്ച് വരുത്തി.
അടുത്തുള്ള ആശുപത്രിയില്‍ നിന്ന് ഗുളിക കൊടുത്തപ്പോള്‍ ഛര്‍ദ്ദിച്ചു. മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരന്‍ രാമകൃഷ്ണന്റെയും വീട്. പക്ഷെ മണിക്ക് സുഹൃത്തുക്കളുമായാണ് ആത്മബന്ധം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജന്‍ ഐപിഎസ് ചൂണ്ടിക്കാട്ടി. പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചും ഇദ്ദേഹം ഓര്‍ത്തു.
ആശുപത്രിയിലെ നഴ്‌സ് ചെക്കപ്പിന് വന്നപ്പോള്‍ സിസ്റ്ററേ ഞാനിവിടെ തന്നെ വേണ്ടി വരുമോ എന്ന് തമാശ മട്ടില്‍ മണി പറഞ്ഞു. ചികിത്സയിലിരിക്കെ മണിയുടെ ബിപി താഴോട്ട് പോയി. ആറാം തിയതി വൈകീട്ട് മണി മരണപ്പെട്ടു. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത വാര്‍ത്തയായിരുന്നു. മരണത്തില്‍ ചില സംശയങ്ങള്‍ സഹോദരന്‍ ഉന്നയിച്ചിരുന്നു. മണിയുടെ ഉള്ളില്‍ വിഷം പോയിട്ടുണ്ടെന്ന് സംശയിക്കുന്നതായാണ് ഡോക്ടര്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് അങ്ങനെയാണ് കേസെടുത്തതെന്നും ഉണ്ണി രാജന്‍ ഐപിഎസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ അടുത്ത എപ്പിസോഡില്‍ ആയിരിക്കും ഇദ്ദേഹം പങ്കുവെയ്ക്കുന്നത്.
