News
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നത് ? കമന്റിന് മറുപടിയായി സന്ദീപ് വാര്യർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നത് ? കമന്റിന് മറുപടിയായി സന്ദീപ് വാര്യർ
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ ഡീ ഗ്രേഡിങ്ങുകൾ ഉണ്ടായെങ്കിലും തിയ്യേറ്ററുകളിൽ താരതമ്യേനെ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ആദ്യ ദിവസ കളക്ഷനും ഇത് സൂചിപ്പിക്കുന്നു. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസിൽ നിന്നും നേടിയത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരടക്കം നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്
ചിത്രത്തിന്റെ ഒന്നാംപകുതിക്ക് ശേഷം സന്ദീപ് വാര്യർ പങ്കുവെച്ച കമന്റ് വലിയ വിവാദമായി ഉയർന്നിരിക്കുകയാണ്
സമാജത്തിന്റെ സിനിമ ആയതുകൊണ്ടാണ് പ്രത്യേക പ്രദർശനം കാണാന്‍ വന്നതെന്നും ഇത് കാണേണ്ടത് ദൗത്യമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാ ബെന്‍ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന ചോദ്യത്തിന് മറുപടിയായി സന്ദീപ് വാര്യർ കുറിച്ചത്.
സന്ദീപ് വാര്യറുടെ സമാജം പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് ഇതിന് പിന്നാലെ രംഗത്ത് വന്നത്. ഇത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും സമാജത്തിന്റെ ദൌത്യമല്ലെന്നുമാണ് സന്ദീപ് വാര്യർക്ക് മറുപടിയായി ചിലർ കുറിക്കുന്നത്. സംഭവം വിവാദമായതോടെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കമന്റ് നീക്കം ചെയ്യുകയും ചെയ്തു.
”ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യൻ സഹോദരൻ മാളികപ്പുറം നിർമ്മിച്ചത്. ഈ സിനിമയുടെ പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്. ഇവരുടെ നെഞ്ച് പിളർക്കുന്ന കമന്റാണ് സന്ദീപ് വാര്യരിൽ നിന്ന് ഉണ്ടായത്”- എന്നാണ് മുന്‍ എബിവിപി നേതാവും ബിജെപി ഭാരവാഹിയുമായിരുന്ന സജി കമല ഫേസ്ബുക്കില്‍ കുറിച്ചത്. നിലവില്‍ കേന്ദ്ര സെന്‍സർ ബോർഡ് അംഗം കൂടിയായ സജി കമലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
മാളികപ്പുറവും സന്ദീപ് വാര്യരും. ഫെയ്സ് ബുക്കിലൂടെ രാഷ്ട്രീയ നേതാവ് ആകാൻ ശ്രമിക്കുന്ന സന്ദീപ് വാര്യരെ പോലുള്ള കൂപമണ്ഡൂകങ്ങൾക്ക് സാധാരണക്കാരന്റെ മനസറിയില്ല. മാളികപ്പുറം എന്ന സിനിമ സമാജത്തിന്റേതല്ല,ഭക്തരുടേയും ആസ്വാദകരുടേയുമാണ്. ക്രിസ്തുമത വിശ്വാസിയാണ് മാളികപ്പുറം എന്ന മഹത്തായ സിനിമ നിർമ്മിച്ചത്.
ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യൻ സഹോദരൻ മാളികപ്പുറം നിർമ്മിച്ചത്.ഈ സിനിമയുടെ പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്. ഇവരുടെ നെഞ്ച് പിളർക്കുന്ന കമന്റാണ് സന്ദീപ് വാര്യരിൽ നിന്ന് ഉണ്ടായത്. സന്ദീപ് വാര്യരെ പോലൊരു പൊട്ടക്കുളത്തിലെ തവള കാരണം ഈ പടത്തിന് കേട് സംഭവിച്ചാൽ നിർമ്മാതാവിന് മാത്രമല്ല മതത്തിന് അതീതമായി അയ്യപ്പനെ വിശ്വസിക്കുന്ന മതേതര ഭക്തർക്ക് കൂടി നഷ്ടമാണ്. വാര്യരെ, ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്. പാവങ്ങൾ ജീവിച്ചോട്ടെ. വാര്യരെ, കാലു വാരരുത്. ഒപ്പം സർവജ്ഞപീഠം തലയിൽ കയറിയെന്ന ഭാവവും ഉപേക്ഷിക്കുക
ഫെയ്സ് ബുക്കിലെ എഴുത്തും വാചകമടിയുമല്ല രാഷ്ട്രീയ പ്രവർത്തനം. എല്ലാ സിനിമാസ്വാദകരും മാളികപ്പുറം കാണുക.നല്ല സിനിമയാണ്.കലാമൂല്യമുള്ള സിനിമയാണ്.കണ്ടുകൊണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമയാണ്.എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മതക്കാർക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണ് മാളികപ്പുറം- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു
