News
നടി നിവേദയ്ക്ക് 50 കോടി രൂപയുടെ വീട് വാങ്ങി നല്‍കി ഉദയനിധി സ്റ്റാലിന്‍; പ്രതികരിച്ച് താരം
നടി നിവേദയ്ക്ക് 50 കോടി രൂപയുടെ വീട് വാങ്ങി നല്‍കി ഉദയനിധി സ്റ്റാലിന്‍; പ്രതികരിച്ച് താരം
നടനും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നിവേദ പെതുരാജ്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാര്‍ത്ത തെറ്റായ പ്രചാരണമാണെന്ന് താരം പ്രതികരിച്ചു. യുട്യൂബര്‍ സാവുകു ശങ്കറാണ് നടിയേയും ഉദയനിധിയേയും ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വൈറലാണ്. നിവേദ പെതുരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.
ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാര്‍ത്ത തെറ്റായ പ്രചാരണമാണെന്ന് നിവേദ പറഞ്ഞു. ഒരു കുടുംബത്തിന്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് മറുപടിയായി സാമൂഹ്യമാധ്യമമായ എക്‌സിലാണ് നടിയുടെ പ്രതികരണം വന്നത്. താനും കുടുംബവും കുറച്ച് ദിവസങ്ങളായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് എക്‌സിലെഴുതിയ നീണ്ട പോസ്റ്റില്‍ താരം പറഞ്ഞു.
ഈയിടെയായി എനിക്ക് വേണ്ടി വന്‍തോതില്‍ പണം ചിലവഴിക്കുന്നുവെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കാനായെങ്കിലും കുറച്ച് മനുഷ്യത്വം ഉണ്ടായിരിക്കുമെന്ന് കരുതുന്നു. താനൊരു മാന്യമായ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഇത് വലിയ രീതിയില്‍ മാനസികമായി പ്രതിസന്ധിയിലാക്കുന്നുവെന്നും നിവേദ പെതുരാജ് പറഞ്ഞു.
16 വയസ്സ് മുതല്‍ ഞാന്‍ സാമ്പത്തികമായി സ്വതന്ത്രയും സ്ഥിരതയുള്ളവളുമാണ്. എന്റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങള്‍ 20 വര്‍ഷത്തിലേറെയായി ദുബായിലാണ്. ഞാന്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ സമാധാനപരമായ ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നിവേദ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ നടിയ്ക്ക് ദുബായില്‍ വിലകൂടിയ സ്വത്ത് വാങ്ങിയെന്നായിരുന്നു യൂട്യൂബര്‍ സാവുകു ശങ്കറിന്റെ ആരോപണം. ലുലു മാള്‍ ഉടമ താമസിക്കുന്ന സ്ഥലത്ത് 50 കോടി രൂപ വിലമതിക്കുന്ന 2,000 ചതുരശ്ര അടി വീട് അയാള്‍ അവള്‍ക്ക് വാങ്ങിക്കൊടുത്തുവെന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തിന് പിന്നാലെയാണ് 31 കാരിയായ നടി വിമര്‍ശനവുമായി രംഗത്തെത്തിയത്.
