News
ടിക്കറ്റ് എടുക്കാന്‍ വാട്‌സ്ആപ്പ് ബുക്കിംഗ് ആരംഭിച്ച തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്
ടിക്കറ്റ് എടുക്കാന്‍ വാട്‌സ്ആപ്പ് ബുക്കിംഗ് ആരംഭിച്ച തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്
ഇടനിലക്കാരില്ലാതെ പ്രേക്ഷകര്‍ക്ക് സിനിമ ടിക്കറ്റ് എടുക്കാന്‍ വാട്‌സ്ആപ്പ് ബുക്കിംഗ് ആരംഭിച്ച തൃശ്ശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സെറ്റുകള്‍ പുറത്താക്കിയതെന്നാണ് വിവരം. എന്നാല്‍ ഒരു രൂപ പോലും കമ്മീഷന്‍ വാങ്ങാതെയാണ് തങ്ങള്‍ ബുക്കിംഗ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നുമാണ് തിയറ്റര്‍ ഉടമ ഡോ. ഗിരിജ പറയുന്നത്.
ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുന്‍പും ഗിരിജ തിയേറ്റര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച തന്റെ തിയേറ്ററിന്റെ പേരില്‍ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ഗിരിജ രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു.
‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം സിനിമ നിര്‍ത്തുകയാണെന്നും പറഞ്ഞുള്ള ചില സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗിരിജ തിയേറ്റര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റുകള്‍. ഇതിനെതിരെ ശക്തമായി തന്നെ ഡേ. ഗിരിജ പ്രതികരിച്ചിരുന്നു.
‘കുറുപ്പ്’ മെഗാഹിറ്റിലേയ്ക്ക് നീങ്ങുകയാണ്, അതില്‍ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകള്‍ വിശ്വസിക്കരുതെന്നുമായിരുന്നു ഗിരിജ അന്ന് പറഞ്ഞത്.
