Malayalam
അമ്പലമല്ലേ…സെല്‍ഫിയെടുക്കാന്‍ പാടില്ല; പ്രാര്‍ത്ഥിക്കവെ സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനോട് സുരേഷ് ഗോപി
അമ്പലമല്ലേ…സെല്‍ഫിയെടുക്കാന്‍ പാടില്ല; പ്രാര്‍ത്ഥിക്കവെ സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനോട് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായിരിക്കുകയാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് മകളെ മണ്ഡപത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ചടങ്ങിലെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.
ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കവുമേറെയാണ്. മലയാള സിനിമ അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗുരുവായൂരില്‍ എത്തിച്ചേര്‍ന്നിരുന്നു. ദിലീപ്, ബിജു മേനോന്, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
ഈ വേളയില്‍ സുരേഷ് ഗോപിയുടെതായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറല്‍. പ്രാര്‍ത്ഥിക്കുന്നതിന്റെ ഇടയ്ക്ക് ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ വന്നപ്പോള്‍ വളരെ മാന്യതയോടെ തന്നെ അദ്ദേഹത്തോട് അമ്പലമാണ്. സെല്‍ഫിയെടുക്കാന്‍ പാടില്ല എന്ന് പറഞ്ഞ് സ്നേഹത്തോടെ കൈമാറ്റുകയായിരുന്നു സുരേഷ് ഗോപി. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നതിനിടയിലാണ് അദ്ദേഹം സെല്‍ഫിയെടുക്കാന്‍ വന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍ കേട്ട അദ്ദേഹം യാതൊരു പ്രകോപനവുമില്ലാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സര്‍വവും മറന്ന് ഈശ്വരന് മുന്നില്‍ കൈതൊഴുത് പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം ഫോട്ടോ എടുക്കാന്‍ വന്നത് തെറ്റായിപ്പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ സുരേഷ് ഗോപിയുടെ സമീപനം അയാളെ വേദനിപ്പിച്ചില്ലെന്നും അത്രയും മാന്യമായി അദ്ദേഹം അത് കൈകാര്യം ചെയ്തുവെന്നുമാണ് പലരും പറയുന്നത്.
അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശില്പം സമര്‍പ്പിച്ചു. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു. ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായൂരില്‍ ചിലവഴിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരേഷ് ഗോപി സ്വര്‍ണ തളികയാണ് സമ്മാനമായി നല്‍കിയത്. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തന് ആണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി സ്വര്‍ണ തളിക നിര്‍മ്മിച്ചത്. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തും.
അതേസമയം, പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നടത്താനിരുന്ന മറ്റു വിവാഹങ്ങള്‍ മാറ്റിവച്ചുവെന്ന പ്രചരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍. പതിനേഴാം തീയതി ഗുരുവായൂരില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹങ്ങളില്‍ ഒന്നു പോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി.
അന്നേദിവസം ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. എന്നാല്‍ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടത്തുകയെന്നും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന് പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തില്‍ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
