Malayalam
26 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഒരു പെരുങ്കളിയാട്ട’ത്തിലൂടെ വീണ്ടും ഒന്നിക്കാനെരുങ്ങി സുരേഷ് ഗോപിയും ജയരാജും
26 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഒരു പെരുങ്കളിയാട്ട’ത്തിലൂടെ വീണ്ടും ഒന്നിക്കാനെരുങ്ങി സുരേഷ് ഗോപിയും ജയരാജും
സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ, ഏറ്റവും മികച്ച കഥാപാത്രമായിരുന്നു 1997ല്‍ ജയരാജ് സംവിധാനം ചെയ്ത് പുറത്തെത്തിയ കളിയാട്ടം. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിലൂടെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്.
പെരുവണ്ണാന് എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരാണ് താരനിരയിലെ മറ്റുപ്രമുഖര്‍. ചിത്രത്തിന് കളിയാട്ടം എന്ന തന്റെ മുന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
‘തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞാനും സുരേഷ് ഗോപിയും ഒന്നിക്കുന്നു. ഒരു പെരുങ്കളിയാട്ടം. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.’ എന്നും ജയരാജ് പറഞ്ഞു.
ഷേക്സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു കളിയാട്ടം ഒരുക്കിയത്. ബല്‍റാം മട്ടന്നൂരായിരുന്നു തിരക്കഥ. കണ്ണന് പെരുമലയന് എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തിയപ്പോള്പണിയനായി ലാലും താമരയായി മഞ്ജു വാര്യരും കാന്തനായി ബിജു മേനോനും എത്തി. ആ വര്‍ഷത്തെ മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്കാരവും ചിത്രത്തെ തേടിയെത്തി.
