News
കേന്ദ്രമന്ത്രി സഭയില്‍ സുരേഷ് ഗോപിയെ എടുത്തേക്കും; ലക്ഷ്യമിടുന്നത് തിരുവനന്തപുരവും തൃശ്ശൂരും
കേന്ദ്രമന്ത്രി സഭയില്‍ സുരേഷ് ഗോപിയെ എടുത്തേക്കും; ലക്ഷ്യമിടുന്നത് തിരുവനന്തപുരവും തൃശ്ശൂരും
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ നടനും ഏപ്രില്‍ വരെ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപി ഇടം നേടാന്‍ സാധ്യതയേറി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സുരേഷ് ഗോപിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വീണ്ടും താരം പരാജയപ്പെട്ടു.
കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ഒരാളെ വിജയിപ്പിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അതുകൊണ്ടു തന്നെ തൃശ്ശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്ക്ക് ലോക്സഭയിലേക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.
അതിന് കേന്ദ്ര മന്ത്രിപദം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരമാണ് സുരേഷ് ഗോപിയ്ക്ക് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മണ്ഡലമായി കേന്ദ്ര നേതൃത്വം കാണുന്നത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൃശ്ശൂര്‍ തന്നെയാവും സുരേഷ് ഗോപിക്ക് നല്‍കുക. തിരുവനന്തപുരത്ത് ശശി തരൂര്‍ ഭൂരിപക്ഷം വലിയ തോതില്‍ വര്‍ധിപ്പിച്ചതിനാല്‍ തൃശ്ശൂര്‍ നല്‍കാനാകും തീരുമാനം.
2016ല്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലം 2021ല്‍ ബിജെപി കൈവിട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ലോക്സഭ സീറ്റില്‍ വിജയിക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത്. നിലവില്‍ രണ്ട് മലയാളികളാണ് കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്.
വി മുരളീധരനും രാജീവ് ചന്ദ്രശേഖറും. ഇരുവരും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. മന്ത്രിസഭയില്‍ ഇടം നേടിയാല്‍ സുരേഷ് ഗോപിയെ മറ്റേതെങ്ങിലും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുക.
