News
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പൊലീസ്. നടനെ നേരത്തെ പൊലീസ് നടക്കാവ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ബോധപൂര്‍വമായ ലൈ ംഗികാതിക്രമം ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 119 എ വകുപ്പും സുരേഷ് ഗോപിക്കെതിരെ ചുമത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലൈ ംഗിക ഉദ്ദേശ്യത്തോടുകൂടിയള്ള ബോധപൂര്‍വമായ അതിക്രമം മാധ്യമ പ്രവര്‍ത്തകക്കെതിരെ സുരേഷ് ഗോപി നടത്തിയെന്നാണ് അന്വേഷണത്തിന് ശേഷം പൊലീസിന്റെ നിഗമനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരാതിയെ ശക്തിപ്പെടുത്തുന്ന സാക്ഷിമൊഴിയും വീഡിയോ ദൃശ്യങ്ങളുടെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ ചുമത്തിയ 354 എ വകുപ്പിന് പകരം ഐ പി സി 354 തന്നെ ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
കുറ്റം തെളിയുകയാണെങ്കില്‍ 2 വര്‍ഷം വരെ തടവും പിഴയും പ്രതിക്ക് ലഭിച്ചേക്കും. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയ കുറ്റമാണ് കേരള പൊലീസ് ആക്ടിലെ 119 എ വകുപ്പിലുള്ളത്. സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലാണന്നും കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നടക്കാവ് എസ്. ഐ ബിനു മോഹന്‍ പറഞ്ഞു.
ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിക്കുകയായിരുന്നു സുരേഷ് ഗോപി.
വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചു ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക പിറകിലേക്ക് മാറി. എന്നാല്‍ സുരേഷ് ഗോപി കൈയെടുത്തില്ല. വീണ്ടും തോളില്‍ കൈവെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റുകയും ചെയ്തിരുന്നു.
