Malayalam
ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടേയില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആംബുലൻസിൽ പോയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടേയില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ആംബുലൻസിൽ പോയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവനയിൽ മാറ്റം വരുത്തി നടനും എംപിയുമായ സുരേഷ് ഗോപി. ആംബുലൻസിൽ കയറിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല അത്. തൻറെ കാലിന് സുഖമില്ലായിരുന്നു. കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ, ആ മൊഴിയിൽ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്.
സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആർക്ക് വേണമെങ്കിലും പറയാം.
അത് സെൻസർ ചെയ്ത് തിയേറ്ററിൽ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നിൽ പ്രദർശിപ്പിച്ചതാണ്. ഒരുത്തൻറെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല. ആ ആംബുലൻസ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് നിങ്ങൾ അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അ ത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവർക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്മെൻറാണത്.
ഞാൻ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവർത്തനം നടത്തിയത്. ആ കണ്ടീഷനിൽ എനിക്ക് അത്രയും ആളുകളുടെ ഇടയ്ക്ക് പോകാൻ പറ്റുന്നില്ല. അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാർ, ഗുണ്ടകൾ എൻറെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്.
അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്. ഇതിന് ഞാൻ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സി.ബി.ഐ വരുമ്പോൾ അവരോട് പറഞ്ഞാ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകും എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പറഞ്ഞിരുന്നത്. ‘പാർട്ടി ജില്ല അധ്യക്ഷൻറെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലൻസിൽ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കിൽ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താൻ തയാറുണ്ടോ? എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.
അതേസമയം, ആംബുലൻസിൽ സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിലാണെന്ന ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ അനീഷ് കുമാറിൻറെ പ്രസ്താവനയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആംബുലൻസിലല്ല വന്നത് എന്ന പ്രസ്താവനയിൽ നിന്നും സുരേഷ് ഗോപി പിൻവാങ്ങിയതും ആംബുലൻസിൽ വന്ന കാര്യം സമ്മതിച്ചതും.
ആംബുലൻസ് അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് ആംബുലൻസിൽ സുരേഷ് ഗോപിയെത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും രംഗത്തെത്തിയിരുന്നു.