സത്യസന്ധത കൊണ്ട് വെറുപ്പ് സമ്പാദിക്കുന്ന ഒരാളാണ് സുരേഷ് ഗോപി, അത്രയും നല്ല മനുഷ്യനാണ് ; സംവിധായകൻ പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നിൽക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. സുരേഷ് ഗോപിയുടെ അവസാനമിറങ്ങിയ പാപ്പൻ, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവർത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന ഒരാളായിട്ടാണ് സുരേഷ് ഗോപിയെ സഹപ്രവർത്തകർ ഉൾപ്പെടെ വിശേഷിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ, ഓരോ സങ്കടങ്ങളും ആവശ്യങ്ങളുമായി എത്തുന്ന ആളുകൾക്ക് വേണ്ടി സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങളെ പറ്റിയും അദ്ദേഹവുമായുള്ള അടുപ്പത്തെ പറ്റിയും സംവിധായകനായ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മലയാള സിനിമയിൽ സുരേഷ് ഗോപിയെ പോലെ സഹായം ചെയ്യുന്ന മറ്റൊരു നടനുണ്ടാക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
‘
വളരെ ശുദ്ധനാണ് സുരേഷേട്ടൻ. എന്തും വെട്ടിത്തുറന്ന് പറയും. സത്യസന്ധത കൊണ്ട് വെറുപ്പ് സമ്പാദിക്കുന്ന ഒരാളായിട്ടാണ് തോന്നിയിട്ടുള്ളത്. അത്രയും നല്ല മനുഷ്യനാണ്. ഞാൻ ഒരു സബ്ജക്റ്റുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിലൊരു സെൻട്രൽ ക്യാരക്ടറും ഉണ്ടായിരുന്നു ഗസ്റ്റ് ക്യാരക്ടറുമുണ്ടായിരുന്നു. ഗസ്റ്റ് ക്യാരക്ടർ ഫ്രീ ആയിട്ട് ചെയ്ത് തരാമെന്ന് അദ്ദേഹം ഏറ്റിരുന്നു. അത് പ്രോജക്റ്റ് ആയില്ല,’
‘എന്തും വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. സഹായിക്കുന്ന കാര്യത്തിലും മടിയില്ല. കുറച്ചുനാൾ മുന്നേ വെഞ്ഞാറമൂട് ഒരു കുടുംബത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അന്ന് എംപി ആയിരുന്നു. സുരേഷേട്ടൻ അവിടെ വന്ന് പോയി. ഞാൻ അറിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ പിഎ എന്നെ വിളിച്ചു, സുരേഷേട്ടന് സംസാരിക്കണം എന്ന് പറഞ്ഞു’
‘അദ്ദേഹം അവരുടെ വീട്ടിൽ കുറച്ചു പണിയുണ്ട് അത് ചെയ്തു കൊടുക്കണം ഞാൻ പൈസ തരാമെന്ന് പറഞ്ഞു. മൂന്ന് പെൺകുട്ടികളും അമ്മയും മാത്രം താമസിക്കുന്ന വീടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു, ചേട്ടന്റെ പാർട്ടിക്കാരില്ലേ അവരെ ഏല്പിക്കാത്തത് എന്തെയെന്ന്. ആരെകൊണ്ട് ചെയ്യിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ചെയ്തു കൊടുത്തു. അദ്ദേഹം പിന്നീട് വിളിച്ച് എനിക്ക് ചെക്ക് തന്നു’,
ഒരു ദയ തോന്നിയാൽ എന്തും ചെയ്യുന്ന വ്യക്തിയാണ്. മലയാള സിനിമയിൽ മറ്റുള്ള ആൾക്കാരെ സഹായിച്ചിട്ടുള്ള വേറൊരു നടനും ഉണ്ടെന്ന് തോന്നുന്നില്ല. എനിക്ക് ഏറ്റവും വലിയ സന്തോഷം അദ്ദേഹം എന്റെ കടയുടെ ഉദ്‌ഘാടനത്തിനും കല്യാണത്തിന് ഒക്കെ അദ്ദേഹം വന്നിട്ടുണ്ട്. പരിചയത്തിൽ ആവുന്നതിന് മുന്നെയാണ് കട ഉദ്‌ഘാടനത്തിന് അദ്ദേഹത്തെ വിളിക്കാൻ പോകുന്നത്,’
‘മുഷിഞ്ഞ വസ്ത്രത്തിലൊക്കെയാണ് ഞാൻ ചെല്ലുന്നത്. എന്നിട്ടും അദ്ദേഹം എന്നെ ചായ കുടിയ്ക്കാൻ ക്ഷണിച്ചു. ഞാൻ വേണ്ടെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഞാൻ വരില്ല എന്നാണ് പറഞ്ഞത്. അന്ന് അദ്ദേഹം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി പണിതുകൊണ്ടിരുന്ന വീടൊക്കെ കാണിച്ചു തന്നു. കട ഉദ്‌ഘാടനം വിളിക്കാൻ പോയ എന്നെ ഇങ്ങനെ കൊണ്ടുപോകേണ്ട ഒരു കാര്യവുമില്ല. അദ്ദേഹം അത് ചെയ്തു,’
