കുറേ പേര് പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്;ഞങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലുള്ളതാണ്;സുപ്രിയ
മലയാള സിനിമാലോകത്തെ പവർഫുൾ കപ്പിൾസാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ നിലപാടുകൾ വ്യക്തമായി ഇരുവരും തുറന്നു പറയുന്നു എന്നത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. പൃഥ്വിരാജ് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത് സുപ്രിയയാണ്
നേരത്തെ ബിബിസി, എന്‍ഡി ടിവി തുടങ്ങിയ സ്ഥാപനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് സുപ്രിയ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സുപ്രിയ. ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സുപ്രിയ മനസ് തുറന്നത്.
ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുള്ള രണ്ടു പേര് എങ്ങനെയാണ് സമാധാനത്തോടെ ഒരു ദാമ്പത്യ ജീവിതം നയിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനാണ് സുപ്രിയ മറുപടി നല്‍കുന്നത്.
ആരു പറഞ്ഞു പീസ്ഫുള് ആണെന്നാണ് സുപ്രിയ തമാശയായി തിരിച്ച് ചോദിക്കുന്നത്. എല്ലാ ഭാര്യാഭര്ത്താക്കന്മാരെയും പോലെ തന്നെ തങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ട്. തങ്ങള്‍ ഒരേ പ്രൊഫഷന് ആയതു കൊണ്ട് തന്നെ ഒരുപാട് ഭിന്നതകള്‍ ഉടലെടുക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. പക്ഷെ തങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചിലത് പരിഹരിക്കപ്പെടുമെന്നും ചിലത് പരിഹരിക്കപ്പെടില്ലെന്നും എല്ലാവരേയും പോലെ തന്നെയാണ് തങ്ങളെന്നും സുപ്രിയ പറയുന്നു.
കോണ്‍ഫ്ളിക്ട് മാനേജ് ചെയ്യുന്നതിനേക്കാള്‍ കോണ്‍ഫ്ളിക്ട് റെസലൂഷനിലാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സുപ്രിയ പറയുന്നത്. എന്നാല്‍ ചിലത് പരിഹരിക്കാന്‍ സാധിക്കുന്നതായിരിക്കില്ല. അങ്ങനെയാണെന്ന് കരുതി ഒരു ബന്ധം വിട്ടു കളയുക എന്നല്ലെന്നും സുപ്രിയ വ്യക്തമാക്കുന്നുണ്ട്. ജോലിയുടെ കാര്യത്തില്‍ താന്‍ പൃഥ്വിയെ കാണുന്നത് തന്റെ സീനിയര്‍ ആയിട്ടാണെന്നാണ് സുപ്രിയ പറയുന്നത്.
പൃഥ്വിരാജ് എന്റെ സീനിയറാണ്. 20 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ഞാന്‍ കമ്പനി ആരംഭിക്കുന്നത് 2017 ലാണ്. 2022 ആയതേയുള്ളൂ, എനിക്ക് അഞ്ച് വര്‍ഷത്തെ അനുഭമേയുള്ളൂ ഈ മേഖലയില്‍ എന്നാണ് സുപ്രിയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഒരു റിപ്പോര്‍ട്ടെഴുതുന്ന കാര്യത്തില്‍ ഞാനാണ് വലിയ ആളെന്ന് പൃഥ്വി പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും സുപ്രിയ പറയുന്നുണ്ട്. ആ മേഖലയില്‍ തനിക്കുള്ള അനുഭവവും അറിവും പൃഥ്വി സമ്മതിച്ചേ മതിയാകൂവെന്ന് ഉറപ്പിച്ചു പറയുകയാണ് സുപ്രിയ.
ഞങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലുള്ളതാണ്. കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്ന് പറഞ്ഞിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര് പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.
അത് മറ്റാരേയും കാണിക്കാനല്ലെന്നും തന്റെ മനസിനത് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും സുപ്രിയ പറയുന്നുണ്ട്. തന്റെ പേര് വെറുതെ പ്രസന്റഡ് ബൈ എന്നോ പ്രൊഡ്യൂസ്ഡ് ബൈ എന്നോ ഇടുന്നതല്ലെന്നും താന്‍ കമ്പനിയ്ക്ക് വേണ്ടി കോണ്ട്രിബ്യൂട്ട് ചെയ്യുന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കുന്നു. കമ്പനിയുടെ വിജയത്തിനും പുരോഗതിയ്ക്കും വേണ്ടി താന്‍ പണിയെടുക്കുന്നുണ്ടെന്നും തങ്ങളുടേത് തുല്യമായ പങ്കാളിത്തമാണെന്നും സുപ്രിയ പറയുന്നു.
കമ്പനിയുടെ കാര്യത്തില്‍ ക്രിയേറ്റീവായ കാര്യങ്ങളില്‍ താന്‍ പൃഥ്വിയുടെ തീരുമാനങ്ങളായിരിക്കും അനുസരിക്കുകയെന്നും എന്നാല്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെങ്കില്‍ പൃഥ്വി അത് കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്നും സുപ്രിയ പറയുന്നു. അതേസമയം കമ്പനിയുടെ മാനേജുമെന്റ് കാര്യത്തിലും സാമ്പത്തിക കാര്യത്തിലും താന്‍ പറയുന്നതായിരിക്കും പൃഥ്വിരാജ് കേള്‍ക്കുകയെന്നും സുപ്രിയ വ്യക്തമാക്കുന്നു.
