News
‘ലാവണി രാജ്ഞി’ എന്നറിയപ്പെടുന്ന ഗായിക സുലോചന ചവാന് വിടവാങ്ങി
‘ലാവണി രാജ്ഞി’ എന്നറിയപ്പെടുന്ന ഗായിക സുലോചന ചവാന് വിടവാങ്ങി
പ്രശസ്ത മറാത്തി ലാവണി ഗായിക സുലോചന ചവാന് അന്തരിച്ചു. 89 വയസായിരുന്നു. ദീര്‍ഘ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ദക്ഷിണ മുംബയിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. 2022ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരുന്നു. കൂടാതെ സംഗീത നാടക അക്കാഡമി പുരസ്കാരവും (2012), മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലതാ മങ്കേഷ്കര്‍ പുരസ്കാരവും (2010) ലഭിച്ചിട്ടുണ്ട്.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ചലച്ചിത്രസംഗീത ജീവിതത്തില്‍ നിരവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചു. സുലോചന ചവാന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും പ്രതിപക്ഷ നേതാവ് അജിത് പവാറും അനുശോചനം അറിയിച്ചു.
1933 മാര്‍ച്ച് 13 ന് മുംബയിലായിരുന്നു സുലോചനയുടെ ജനനം. ‘ലാവണി സമ്രാദ്നി’ (ലാവണി രാജ്ഞി) എന്നറിയപ്പെടുന്ന സുലോചന ചവാന് പരമ്പരാഗത മഹാരാഷ്ട്രന്‍ സംഗീത വിഭാഗത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗായികയായിരുന്നു. ‘തമാശ’ എന്ന നാടോടി നാടക രൂപവുമായി അടുത്ത ബന്ധമുണ്ട്.
മറാത്തി, ഹിന്ദി സിനിമകളില്‍ നിരവധി ലാവണികള്‍ പാടിയിട്ടുണ്ട്. ആറാമത്തെ വയസില്‍ തന്റെ കലാജീവിതം ആരംഭിച്ച സുലോചന ചവാന് പ്രാദേശിക നാടകങ്ങളിലും നാടകങ്ങളിലും ഗര്‍ബ ഗ്രൂപ്പുകളിലും ഗുജറാത്തി സ്റ്റേജ് ആക്ടുകളിലും ഉറുദു, ഹിന്ദി നാടകങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. പഞ്ചാബി, തമിഴ് സിനിമകളിലും വേഷമിട്ടു. ഭര്‍ത്താവ് പരേതനായ എസ്. ചവാന്. ധോല്ക്കി കളിക്കാരന് വിജയ് ചവാന് മകനാണ്.
