ഇതായിരുന്നു സുബിചേച്ചിടെ കൂടെയെടുത്ത അവസാന ചിത്രം; വേദന പങ്കുവെച്ച് നടി സ്നേഹ ശ്രീകുമാര്‍
മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ ചിരിപടർത്തിയ മുഖമാണ് സുബി സുരേഷിന്റേത്. അഭിനേത്രി, അവതാരക, സ്റ്റേജ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. മലയാളികള്‍ക്ക് വിശ്വസിക്കാനോ ഉള്‍കൊള്ളാനോ പോലും സാധിക്കാത്ത വേര്‍പാടായിരുന്നു സുബി സുരേഷിന്റേത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഈ ലോകം വിട്ട് പോകേണ്ട സാഹചര്യമാണ് സുബിയുടെ ജീവിതത്തിലുണ്ടായത്. അസുഖബാധിതയായി ആശുപത്രിയിലാണെന്ന വിവരം പോലും പുറംലോകം അറിയാത്തത് കൊണ്ട് സുബിയുടെ വേര്‍പാട് കനത്തൊരു ആഘാതമായി മാറി.
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം സിനിമ, ടെലിവിഷന്‍, മിമിക്രി ലോകത്ത് നിന്നും നൂറ് കണക്കിന് ആളുകളാണ് സുബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ സുബിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പല താരങ്ങളും എത്തുന്നത്. അവസാന കാലത്തെ സുബിയെ കുറിച്ചാണ് പലരും സംസാരിച്ചിരുന്നത്.
നടിയും ഹാസ്യ താരവുമായ സ്നേഹ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. സുബിയുടെ കൂടെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള സ്നേഹ അവസാനമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പറയുന്നത്. മിമിക്രി താരങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷത്തിനിടയില്‍ നിന്നുള്ള ഒരു ഫോട്ടോയും നടി പങ്കുവെച്ചിരിക്കുകയാണ്.ഇതായിരുന്നു സുബിചേച്ചിടെ കൂടെയെടുത്ത അവസാന ചിത്രം… MAA യുടെ ഓണാഘോഷത്തിന് ഞങ്ങള്‍ ഒന്നിച്ചു ശരിക്കും ഡാന്‍സ് കളിച്ചു ആഘോഷിച്ചു. എപ്പോഴും ചിരികള്‍ മാത്രം സമ്മാനിച്ചിരുന്ന നിമിഷങ്ങള്‍ ആയിരുന്നു ചേച്ചിയുടെ കൂടെയുള്ളത്. വാക്കുകള്‍ ഇല്ലാതെ തന്നെ സംസാരിച്ചിരുന്ന സുഹൃത്തുക്കള്‍ ആയിരുന്നു ദേവി ചേച്ചിയും സുബി ചേച്ചിയും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അവര്‍ രണ്ട് പേരും അവര്‍ക്ക് ശേഷം വന്ന ഞങ്ങളെ അത്രയും കൂടെ നിര്‍ത്തി പ്രോത്സാഹിപ്പിച്ചിരുന്നു. അവരുടെ കൂടെയുള്ള പ്രോഗ്രാമുകളും അത്രയും പ്രിയപ്പെട്ടതായിരുന്നു. കുറച്ചു സമയം സംസാരിച്ചിരിക്കുമ്പോള്‍ തന്നെ ചെറിയ സ്കിറ്റുകള്‍ ആയിരിക്കും. സ്റ്റേജ് എന്നും ഹരമായിരുന്നു ചേച്ചിക്ക്… നികത്താന്‍ പറ്റാത്ത നഷ്ട്ടം ആണ് ചേച്ചി…. We will miss u…’, എന്നാണ് സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.ഭക്ഷണം കഴിക്കാത്തത് പ്രകാരം കാലങ്ങളായി ചെറിയ അസുഖങ്ങള്‍ ബാധിച്ചിരുന്ന സുബി സുരേഷിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കരള്‍ രോഗം കൂടി ബാധിച്ചതോടെ അത് മാറ്റി വെക്കണമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. ഒടുവില്‍ അതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെങ്കിലും നടിയെ രക്ഷിച്ചെടുക്കാന്‍ കഴിയാതെ പോവുകയായിരുന്നു.
2023 ഫെബ്രുവരി 22 നാണ് സുബി സുരേഷ് മരിച്ചുവെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. കേട്ടവര്‍ക്കൊന്നും വിശ്വസിക്കാന്‍ പോലും സാധിക്കാത്ത അത്രയും ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത് മാറുകയും ചെയ്തു. നാല്പത്തിയൊന്ന് വയസുള്ള സുബി ഇപ്പോഴൊന്നും പോകേണ്ട ആളായിരുന്നില്ലെന്നാണ് ആരാധകരും ഒരുപോലെ പറയുന്നത്. അതേ സമയം ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിഞ്ഞിരുന്ന സുബി വൈകാതെ വിവാഹത്തിന് ഒരുങ്ങുകയായിരുന്നു.
കലാഭവന്റെ പരിപാടികള്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിസ്റ്റ് കലാഭവന്‍ രാഹുലുമായിട്ടാണ് സുബിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടുകാര്‍ക്ക് പരസ്പരം ഇഷ്ടമായതിനെ തുടര്‍ന്ന് വിവാഹം കഴിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
