Actress
നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നു; ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് ശ്രുതി ഹാസൻ
നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നു; ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് ശ്രുതി ഹാസൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. വിമാനം വൈകിയതിനെ തുടർന്ന് നാല് മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് എന്നാണ് ശ്രുതി പറയുന്നത്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രുതി തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഞാൻ സാധാരണയായി പരാതികൾ ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ ഇന്റിഗോയുടെ ഇന്നത്തെ ഈ നടപടി ശരിക്കും മടുപ്പിച്ചു. കഴിഞ്ഞ നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുകയാണ്.
ഒരുപക്ഷേ നിങ്ങൾക്ക് ഇത് നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. യാത്രക്കാർക്ക് വിവരങ്ങളോ, മര്യാദയോ, വ്യക്തതയോ കൊടുക്കാമായിരുന്നു എന്നാണ് ശ്രുതി ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ ശ്രുതിയുടെ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ശ്രുതിയുടെ പോസ്റ്റ് വൈറലായതോടെ പലരും ഇൻഡിഗോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് എയർലൈന്റെ ഉപഭോക്ത സേവനത്തെ കുറിച്ച് പരാതി പറഞ്ഞിരിക്കുന്നത്. പിന്നാലെ ശ്രുതിയെ പിന്തുണച്ചുകൊണ്ടും പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവം കൂടുതൽ ചർച്ചയായതോടെ ശ്രുതിയ്ക്ക് മറുപടിയുമായി ഇന്റിഗോയും രംഗത്തെത്തി.
മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം വൈകാൻ കാരണമെന്ന് എയർലൈൻ അറിയിച്ചു. എയർപോർട്ട് ടീം ഉപഭോക്താക്കളെ സഹായിക്കുന്നതിനും അവരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പരമാവധി ശ്രമിക്കുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും ഇൻഡിഗോ മറുപടിയായി പറയുന്നു.
