നിങ്ങള്‍ ആഗ്രഹിച്ചത് പോലെ എന്റെ ആടുതോമ വീണ്ടും എത്തുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിന്റെ ‘സ്ഫടികം’ റീ മാസ്റ്റർ ചെയ്ത് വീണ്ടുമെത്തുന്നു എന്ന വാർത്ത മലയാള സിനിമാപ്രേമികൾക്ക് ഏറെ ആവേശമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ.
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അടുത്ത വർഷം ഫെബ്രുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് നടൻ പറഞ്ഞു.
ഒരു കുറിപ്പോടെയാണ് മോഹന്‍ലാല്‍ റിലീസ് തിയതി പങ്കുവച്ചിരിക്കുന്നത്. ”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.”
”ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
