Malayalam
മരിക്കുന്നതിന് തലേദിവസം സൗന്ദര്യ തന്നെ ഫോണ്‍ വിളിച്ചിരുന്നു, താന്‍ ഇനി സിനിമ ചെയ്യുന്നില്ലെന്നും അമ്മയാകാന്‍ പോവുകയാണെന്നും പറഞ്ഞു; പിന്നീട് അറിയുന്നത് മരണ വാര്‍ത്ത; സംവിധായകന്റെ വാക്കുകള്‍ വീണ്ടും വൈറല്‍
മരിക്കുന്നതിന് തലേദിവസം സൗന്ദര്യ തന്നെ ഫോണ്‍ വിളിച്ചിരുന്നു, താന്‍ ഇനി സിനിമ ചെയ്യുന്നില്ലെന്നും അമ്മയാകാന്‍ പോവുകയാണെന്നും പറഞ്ഞു; പിന്നീട് അറിയുന്നത് മരണ വാര്‍ത്ത; സംവിധായകന്റെ വാക്കുകള്‍ വീണ്ടും വൈറല്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉള്‍പ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി എത്തിയ മരണം സൗന്ദര്യയെ കവര്‍ന്നെടുക്കുന്നത്. 2004 ഏപ്രില്‍ 17 നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയും താരം മരണപ്പെടുകയുമായിരുന്നു.
മരിക്കുമ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിക്കാന്‍ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. 2003 ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ഗര്‍ഭിണിയായ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കവെയാണ് മരണമെത്തുന്നത്.
നിര്‍മ്മാതാവും എഴുത്തുകാരനുമായിരുന്നു സൗന്ദര്യയുടെ അച്ഛന് കെഎശ് സത്യനാരായണ. ഡോക്ടറാകാനായിരുന്നു സൗന്ദര്യ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാലം സൗന്ദര്യയെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. കന്നഡയിലൂടെയായിരുന്നു അരങ്ങേറ്റം. അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു സൗന്ദര്യ. 12 വര്‍ഷത്തെ കരിയറില്‍ നൂറിലധികം സിനിമകളില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു.
നിരവധി പുരസ്കാരങ്ങളും സൗന്ദര്യ സ്വന്തമാക്കിയിരുന്നു. 2004 ലായിരുന്നു സൗന്ദര്യ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. തന്റെ സഹോദരന് അമര്‍നാഥിനൊപ്പം തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗന്ദര്യ. എന്നാല്‍ താരത്തിന്റെ താരം സഞ്ചരിച്ച ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. നടിയും സഹോദരനുമടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലായിരുന്നു.
സൗന്ദര്യയുടെ മരണത്തിന് ശേഷം സംവിധായകന് ആര്‍വി ഉദയകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. മരണപ്പെടുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണിയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മരിക്കുന്നതിന് തലേദിവസം സൗന്ദര്യ തന്നെ ഫോണ്‍ വിളിച്ചിരുന്നു.
ഒരു മണിക്കൂറോളം സംസാരിച്ചു. താന്‍ ഇനി സിനിമ ചെയ്യുന്നില്ലെന്നും അമ്മയാകാന്‍ പോവുകയാണെന്നും സൗന്ദര്യ പറഞ്ഞു. ചന്ദ്രമുഖിയുടെ കന്നഡ റീമേക്കോടെ അഭിനയം നിര്‍ത്താനായിരുന്നു സൗന്ദര്യ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കാലം അതിന് അവര്‍ക്ക് അവസരം നല്‍കിയില്ല.
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന് രജനീകാന്ത്, കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി, വിഷ്ണുവര്ധന് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് സൗന്ദര്യ. അഭിനയത്തിന് പുറമെ സാമൂഹിക പ്രവര്‍ത്തനത്തിലും താല്പര്യമുണ്ടായിരുന്നു സൗന്ദര്യയ്ക്ക്. അനാഥക്കുട്ടികള്‍ക്കായി മൂന്ന് സ്കൂളുകള്‍ ആരംഭിച്ചിരുന്നു സൗന്ദര്യ. താരത്തിന്റെ മരണ ശേഷം അമ്മ സൗന്ദര്യയുടെ ഓര്‍മ്മയ്ക്കായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു.
ബന്ധുവും ബാല്യകാല സുഹൃത്തുമായ രഘുവിനെയാണ് താരം വിവാഹം കഴിച്ചത്. 2003 ഏപ്രില്‍ 27 നാണ് സൗന്ദര്യ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. നടിയുടെ വേര്പാടിന് ശേഷമാണ് പലരും ഗര്‍ഭിണിയായിരുന്ന കാര്യം പോലും അറഞ്ഞിരുന്നത്.
വിവാഹത്തിന് മുമ്പായി നടി തന്റെ വില്പത്രം തയ്യാറാക്കിയിരുന്നു. തന്റെ സ്വത്തുവകളെല്ലാം തന്നെ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു നടി എഴുതി വച്ചിരുന്നത്. എന്നാല്‍ നടിയുടെ മരണത്തിന് പിന്നാലെ സ്വത്തിനെ ചൊല്ലി കുടുംബത്തിനുള്ളില്‍ തര്‍ക്കം ഉടലെടുത്തു. 11 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുടുംബാംഗങ്ങള്‍ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുന്നത്.
ബാംഗ്ലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് വേണ്ടിയാണ് സഹോദരന് അമര്‍നാഥിനൊപ്പം സൗന്ദര്യ യാത്ര തിരിച്ചത്. അത് അവസാന യാത്രയായി മാറുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് എംബിബിഎസ് പഠനകാലത്ത് ‘അമ്മൊരു’ എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും സിനിമയില്‍ സജീവമാവുകയുമായിരുന്നു.പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി അഭിനയിച്ചിരുന്നു.
