Malayalam
അമ്മൂമ്മയ്ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു, തിരിച്ചറിയുമ്പോഴേയിക്കും ഏറെ വൈകി, സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലേയ്ക്ക് മാറി; സൗഭാഗ്യ വെങ്കിടേഷ്
അമ്മൂമ്മയ്ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു, തിരിച്ചറിയുമ്പോഴേയിക്കും ഏറെ വൈകി, സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലേയ്ക്ക് മാറി; സൗഭാഗ്യ വെങ്കിടേഷ്
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മിയ്ക്ക് കേരളക്കര ഒന്നാകെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരുന്നു.
സുബ്ബലക്ഷ്മിയമ്മ അസുഖ ബാധിതയായി ആശുപത്രിയില്‍ ഉണ്ടായിരുന്ന ഘട്ടത്തില്‍ സൗഭാഗ്യ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സുബ്ബലക്ഷ്മിയമ്മയുടെ മരണകാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചുമകളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ കൂടിയായ സൗഭാഗ്യ. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഡോക്ടര്‍ അനിത എസ്. പിള്ളയുമൊത്ത് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് അമ്മൂമ്മയുടെ മരണകാരണത്തെക്കുറിച്ചും സൗഭാഗ്യ വെളിപ്പെടുത്തിയത്.
അമ്മൂമ്മയ്ക്ക് അവസാന നാളുകളില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടു പിടിച്ചുവെന്നും അത് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. ‘ആര്‍ക്കും അറിയില്ല അമ്മൂമ്മയ്ക്ക് എന്തായിരുന്നു അസുഖമെന്ന്. പ്ലസന്റായ വാര്‍ത്തയല്ലെങ്കിലും അത് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങുകയാണ്.
അമ്മൂമ്മയ്ക്ക് അവസാന നാളുകളില്‍ ഉണ്ടായിരുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു. അത് കണ്ടു പിടിക്കുമ്പോഴേക്കും തന്നെ ഏറെ വൈകിയിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു അത്. എന്തായാലും എന്റെ ഫാമിലിയില്‍ ഒരാള്‍ക്ക് വന്നതാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. അസുഖത്തെ കണ്‍മുന്നില്‍ കണ്ടതാണ്,’ സൗഭാഗ്യ പറഞ്ഞു.
താരയാണ് ആദ്യം അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ആദ്യം വിളിക്കുന്നതെന്ന് ഡോക്ടറും പറഞ്ഞു. അങ്ങനെയാണ് കാണിക്കുന്നത്. കാഷ്വാലിറ്റിയില്‍ കൊണ്ടുപോകുന്ന സമയത്ത് തലകറക്കവും വീഴ്ചയും ആയിരുന്നത് കൊണ്ട് ന്യൂറോളജിക്കല്‍ കണ്ടീഷന്‍ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമാണ് ആദ്യം ഇതിന്റെ തുടക്കം സെര്‍വിക്ക്‌സില്‍ നിന്ന് ആയിരിക്കാം എന്ന് തോന്നുന്നത്. ബാക്കി ഭാഗങ്ങളിലേക്ക് ഇത് പടരുന്നത് അതിന് ശേഷമാണ് എന്നാണ് നമ്മുടെ നിഗമനം. നമ്മള്‍ കണ്ടു പിടിക്കുമ്പോഴേക്കും സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്ക് മാറിയിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
സ്ത്രീകളില്‍ നടുവേദന വരുന്നത് പോലും നിസാരമാക്കി കാണരുതെന്നാണ് ഡോക്ടര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ട് നടുവേദന വരാം. നടുവേദന വരുമ്പോള്‍ ഒന്നുകില്‍ ഓര്‍ത്തോയെ കാണിക്കുകയോ അല്ലെങ്കില്‍ ബാമുകളോ തൈലങ്ങളോ മറ്റോ പുരട്ടുകയുമാണ് നമ്മള്‍ ചെയ്യുക. എന്നാല്‍ നടുവേദന വരുമ്പോള്‍ ഗൈനകോളജിസ്റ്റിനെ കൂടി കാണിക്കുന്നത് നമ്മുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ ഇതിനോടൊപ്പം പറഞ്ഞു വെക്കുന്നുണ്ട്. പലര്‍ക്കും നേരത്തെ കണ്ടു പിടിക്കുന്നത് വഴി അസുഖം ഭേദമാക്കാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അമ്മൂമ്മയ്ക്ക് വയറില്‍ നിന്ന് ഇടയ്ക്ക് വേദന ഉണ്ടെന്ന് പറയുമായിരുന്നു. പക്ഷെ ആശുപത്രിയില്‍ പോകാന്‍ ഒട്ടും സമ്മതിക്കുമായിരുന്നില്ല. ഭയങ്കര പേടിയൊക്കെയാണ്. അതുകൊണ്ട് സ്ഥിരമായ ചെക്ക് അപ്പുകളൊന്നും തന്നെ നടത്തിയിരുന്നില്ലെന്നും സൗഭാഗ്യ പറയുന്നു. എന്നാല്‍ ആദ്യ സ്‌റ്റേജില്‍ ആയിരുന്നെങ്കില്‍ ഇത്ര വിഷയം വരുമായിരുന്നില്ല. എന്നാല്‍ സുബ്ബലക്ഷ്മിയമ്മയുടെ കാര്യത്തില്‍ അവരുടെ പ്രായം വലിയൊരു ഘടകം തന്നെയായിരുന്നു. കണ്ടുപിടിക്കുമ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
അറുപത്തിയാറാമത്തെ വയസിലായിരുന്നു സുബ്ബലക്ഷ്മി സിനിമയിലേയ്ക്ക് എത്തുന്നത്. നന്ദനത്തിലെ വേശാമണിയമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമയിലെത്താന്‍ വൈകിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ദിഖും രഞ്ജിത്തും കൂടി എന്നെ നന്ദനത്തിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു.
