Malayalam
നാന്, ടിനി, ഉണ്ണി മുകുന്ദന്‍…; ‘ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു’ ; വൈറലായി ചിത്രങ്ങള്‍
നാന്, ടിനി, ഉണ്ണി മുകുന്ദന്‍…; ‘ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു’ ; വൈറലായി ചിത്രങ്ങള്‍
കുറച്ച് നാളുകള്‍ക്ക് മുമ്പ് രമേശ് പിഷാരടിയും ടിനി ടോമും നടന്‍ ബാലയെക്കുറിച്ച് പറഞ്ഞ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മ്മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയില്‍ ഇരുവരും പങ്കുവച്ചത്.
‘നാന് പൃഥ്വിരാജ് ഉണ്ണി മുകുന്ദന്‍ എന്നു തുടങ്ങി, ലമണ്‍ ടീ ആവശ്യപ്പെട്ടു എന്നും മറ്റും പറയുന്ന ഡയലോഗ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് ഉണ്ണി മുകുന്ദനും ബാലയ്ക്കും ഒപ്പം ടിനി ടോം പങ്കുവച്ച ചിത്രവും അതിന്റെ കാപ്ഷനുമാണ്. ‘ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍.
ചിത്രം ഇതിനോടകം ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘പൃഥ്വിരാജായിരിക്കും ഫോട്ടോ എടുത്തത്’, ‘അവസാനം ബെല്‍റ്റിലേക്ക് എടുത്തു, ‘പൃഥ്വിരാജും അനൂപ് മേനോനും എവിടെ, അവരെയും കൂട്ടാമായിരുന്നു’ എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഉണ്ണി മുകുന്ദനും ചിത്രത്തിന് സ്‌നേഹം പങ്കുവച്ചിട്ടുണ്ട്.
‘ബാല ഒരു സിനിമ സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്നു. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ടിനിയേട്ടാ, നമ്മള് ഫ്രണ്ട്‌സ് സെറ്റപ്പില്‍, അതായത് നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അണൂപ് മേനാന്‍ എന്നിവരെല്ലാം ചേര്‍ന്നൊരു പടം ചെയ്യുന്നു. നിങ്ങളുടെ പേമെന്റ് എത്രയാണെന്ന് പറയൂ, എക്‌സിക്യൂട്ടിവ് എല്‍ദോ വിളിക്കുമെന്നു പറഞ്ഞു. എല്‍ദോ വിളിച്ചു, നാലഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഒരു 3,4 രൂപ കിട്ടില്ലെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇപ്പോ പറയാമെന്ന് പറഞ്ഞ് എല്‍ദോ വച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ ബാല വിളിച്ച്, നിങ്ങള്‍ മൂന്നു നാലുരൂപ ചോദിച്ചോ, നിങ്ങള് കമ്മിയായിട്ട് പറയ്, നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അണൂപ് മേനാന് എല്ലാവരും ചേര്‍ന്ന്…, എനിക്ക് പേടിയായി, കാശ് കൂടുതല്‍ ചോദിച്ചാല്‍ ആ ബെല്‍റ്റില്‍ നിന്ന് ഞാന്‍ ഔട്ടാവുമോ? ഞാന്‍ പകുതിയാക്കി, എല്‍ദോയോട് ഒരു രണ്ടു രൂപയെന്ന് പറഞ്ഞു. അതു കഴിഞ്ഞപ്പോള്‍ വീണ്ടും ബാല, നിങ്ങള്‍ രണ്ടു രൂപ ചോദിച്ചോ, നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അണൂപ് മേനാന്…’ എന്നായിരുന്നു വൈറല്‍ വീഡിയിയോയില്‍ ടിനി പറഞ്ഞത്.
