റിമയുടെ ചിത്രം പങ്കുവെച്ച് അനശ്വര രാജന്റെ പിന്തുണ… മിനി സ്കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രവുമായി രഞ്ജിനി ഹരിദാസ്; മറുപടിയുമായി റിമ കല്ലിങ്കൽ
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ മിനി സ്കര്‍ട്ട് ധരിച്ച് എത്തിയ റിമ കല്ലിങ്കലിനെതിരേ സൈബര്‍ അധിക്ഷേപം നടന്നിരുന്നു . റിമ എത്തിയ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് റിമയ്ക്ക് നേരേ ആക്രമണം നടന്നത്.
സൈബർ ആക്രമണം പരിധി വിട്ടതോടെ സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്, നടി അനശ്വര രാജൻ, ഗായികമാരായ സയനോര, സിത്താര കൃഷ്ണകുമാർ തുടങ്ങി നിരവധിപേർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ തന്നെ പിന്തുണച്ചവര്‍ക്കു മറുപടിയുമായി റിമ. ചിരിക്കുന്ന സ്മൈലി നൽകിയാണ് ഇവരുടെ പിന്തുണയ്ക്ക് റിമ നന്ദി അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമന്റുകളും. ഐഎഫ്എഫ്കെ വേദിയിൽ നിന്നുള്ള റിമയുടെ ചിത്രം പങ്കുവച്ചായിരുന്നു അനശ്വര രാജന്റെ പിന്തുണ. മിനി സ്കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കുറിപ്പോടെയായിരുന്നു രഞ്ജിനി ഹരിദാസ് വിഷയത്തിൽ പ്രതികരിച്ചത്. ‘നമ്മള് എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ.’
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ സൈബറിടത്തില്‍ വിമര്‍ശനം നേരിടുന്നത്.
