ഓണം സ്പെഷ്യൽ വീഡിയോയുമായി മകൾക്കൊപ്പം നിത്യ ദാസ്; വീഡിയോ വൈറൽ
പറക്കും തളികയിലെ നായികയായി വന്ന് വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി നിത്യ ദാസ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നിത്യ
കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യ.
ഇപ്പോൾ ട്രെൻഡിങ്ങായ ‘പരം സുന്ദരി’ എന്ന ഗാനത്തിനാണ് നിത്യയും മകളും ചുവടുവെക്കുന്നത്. ഓണം സ്പെഷ്യൽ വീഡിയോ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെറ്റുസാരി ഉടുത്താണ് മകളും അമ്മയും ഡാൻസ് ചെയ്യുന്നത്. നെൽപ്പാടങ്ങളും ചെറിയ പാറക്കെട്ടുകളും നീരരുവികളും മലകളുമായി കോഴിക്കോട് മലയോര മേഖലയുടെ ഭംഗിയും വീഡിയോയിൽ കാണാം.
നടി മന്യ നായിഡു ഉൾപ്പടെ നിരവധിപേർ നിത്യയുടെ ഡാൻസിനു കമന്റ് ചെയ്തിട്ടുണ്ട്. ഒരുപാട് പേർ അമ്മയ്ക്കും മകൾക്കും ഓണാശംസകൾ നൽകിയിട്ടുണ്ട്.
2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.
