News
ഇത് കൊല്ലാക്കൊല, സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാന്‍ പോന്ന ഈ വിപത്തിന്റെ ആഴം അധികാരികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ; പോസ്റ്റുമായി വിനയന്‍
ഇത് കൊല്ലാക്കൊല, സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാന്‍ പോന്ന ഈ വിപത്തിന്റെ ആഴം അധികാരികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ; പോസ്റ്റുമായി വിനയന്‍
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം മൂലം കൊച്ചി നഗരവാസികള്‍ നേരിടുത്ത ബുദ്ധിമുട്ടുകളില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ഇത് കൊല്ലാക്കൊല ചെയ്യുന്നതിന് തുല്യമാണെന്നും ഇത്തരം സാമൂഹിക വിപത്ത് സൃഷ്ടിക്കുന്നവര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും സംവിധായകന്‍ പറഞ്ഞു.
ഇത് കൊല്ലാക്കൊലയാണ്… ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവര്‍ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു. വീടുകളെല്ലാം ജനാലകള്‍ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങള്‍ പലതായി.
എന്നിട്ടുപോലും ശ്വാസകോശത്തിന് അസുഖമുള്ളവര്‍ പലരും ചികിത്സക്കായി ആശുപത്രികളില്‍ അഭയം തേടിയിരിക്കുന്നു. എസി ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാര്‍ക്കൊക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാരായ തൊഴിലാളികള്‍ പലരും ചുമയും ശ്വാസംമുട്ടലും മൂലം വിഷമിക്കുന്നു.
സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാന്‍ പോന്ന ഈ വിപത്തിന്റെ ആഴം അധികാരികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ വിഷമല കത്തിയതിനു പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്കു പങ്കുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനുണ്ടെങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. ഇത്തരം സാമൂഹിക വിപത്ത് സൃഷ്ടിക്കുന്നവര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണം’.
