News
നാല്‍പ്പതാം വയസില്‍ ചിമ്പുവിന് വിവാഹം; വധു സിനിമാ രംഗത്ത് നിന്ന്
നാല്‍പ്പതാം വയസില്‍ ചിമ്പുവിന് വിവാഹം; വധു സിനിമാ രംഗത്ത് നിന്ന്
തമിഴകം ഏറെ പ്രതീക്ഷയോടെ കണ്ട താരോദയമായിരുന്നു ചിമ്പുവിന്റേത്. മികച്ച നടന്‍, ഗായകന്‍, ഡാന്‍സര്‍ തുടങ്ങി പല മേഖലകളില്‍ കഴിവുള്ള ചിമ്പുവിന് സൂപ്പര്‍താരമായി മാറാന്‍ കഴിയുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തേടി വന്ന സൗഭാഗ്യങ്ങളെല്ലാം ചിമ്പു തട്ടിത്തെറിപ്പിച്ചു എന്നാണ് സിനിമാ ലോകത്തെ സംസാരം. ഷൂട്ടിംഗിനോട് സഹകരിക്കാതിരിക്കല്‍, കോള്‍ ഷീറ്റ് നല്‍കിയിട്ടും ഷൂട്ടിന് എത്താതിരിക്കുക, നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാകുന്ന പ്രവൃത്തികള്‍ തുടങ്ങി പല ആരോപണങ്ങള്‍ ചിമ്പുവിന് നേരെ വന്നു.
2010ന് ശേഷം ചിമ്പുവിന്റെ കരിയറില്‍ വലിയ പതനമാണുണ്ടായത്. നടനെ തേടി സിനിമകള്‍ വരാതെയായി. ഇതിനിടെ സ്‌ക്രീന്‍ പ്രസന്‍സ് നഷ്ടപ്പെട്ടെന്ന് ആരാധകരും ചൂണ്ടിക്കാട്ടാന്‍ തുടങ്ങി. ഏറെ പണിപ്പെട്ടാണ് ശരീരഭാരം കുറച്ച് താരം പഴയ ഫിറ്റ്‌നെസ് വീണ്ടെടുത്തത്. കരിയറില്‍ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് ചിമ്പു. നടന്റെ വ്യക്തി ജീവിതവും ഒരു കാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള പ്രണയമാണ് ചിമ്പുവിനെ മുമ്പ് വാര്‍ത്തകളില്‍ നിറച്ചത്. രണ്ട് പ്രണയങ്ങളും തകര്‍ന്നു.
ചിമ്പു കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന കാലത്താണ് ഹന്‍സികയുമായുള്ള പ്രണയം അവസാനിക്കുന്നത്. 40 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മിക്കപ്പോഴും നടന് നേരിടേണ്ടി വരാറുണ്ട്. ചിമ്പുവിനെക്കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. നടന്‍ വിവാഹത്തിന് ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബം നടന്റെ വിവാഹം തീരുമാനിച്ചെന്നും സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള പെണ്‍കുട്ടിയാണെന്നുമാണ് വിവരം. തമിഴകത്തെ അറിയപ്പെടുന്ന നിര്‍മാതാവാണ് ചിമ്പുവിന്റെ പിതാവ് ടി രാജേന്ദര്‍. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു പ്രമുഖ ഫിലിം ഫിനാന്‍ഷ്യറുടെ മകളാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹം ചെയ്ത് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ലെന്നാണ് ബാച്ചിലറായി തുടരുന്നതിന് കാരണമായി മുമ്പൊരിക്കല്‍ ചിമ്പു പറഞ്ഞത്.
ജീവിതത്തില്‍ ആരെയെങ്കിലും പോയി വിവാഹം ചെയ്യാന്‍ പറ്റില്ല. കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് മാതാപിതാക്കളോടുള്ള എന്റെ അപേക്ഷ. സമൂഹം നല്‍കുന്ന ഈ സമ്മര്‍ദ്ദം മൂലം തെറ്റായ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. മക്കള്‍ അവരുടെ ജീവിതം ജീവിക്കട്ടെ. ആരാണ് അവര്‍ക്ക് അനുയോജ്യരെന്ന് അവര്‍ കണ്ടെത്തട്ടെ. അതിനൊക്കെയപ്പുറം ഒരാള്‍ക്ക് പറ്റിയ വ്യക്തിയെ ശരിയായ സമയത്ത് അയക്കുന്ന ദൈവമുണ്ട്. അതുവരെയും നിശബ്ദമായി കാത്തിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ചിമ്പു അന്ന് വ്യക്തമാക്കി.
പ്രണയ ഗോസിപ്പുകളില്‍ ഒരു കാലത്ത് തുടരെ വന്നിരുന്നെങ്കിലും ഇന്ന് ചിമ്പു വ്യക്തി ജീവിതത്തില്‍ സ്വകാര്യത പുലര്‍ത്തുന്നു. നയന്‍താരയുമായുള്ള ചിമ്പുവിന്റെ പ്രണയം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. വല്ലവന്‍ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുത്തത്. പ്രണയകാലത്ത് ഇരുവരുടെയും ചുംബന ദൃശ്യങ്ങള്‍ ലീക്കായി. ഇത് കോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും പിരിഞ്ഞു.
പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹന്‍സിക ചിമ്പുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വാല് എന്ന സിനിമയ്ക്കിടൊണ് രണ്ട് പേരും പ്രണയത്തിലായത്. എന്നാല്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും അകന്നു. മുന്‍കാമുകിമാരായ രണ്ട് പേരും ഇന്ന് മറ്റൊരു ജീവിതത്തിലേക്ക് കടന്നു. സംവിധായകന്‍ വിഘ്‌നേശ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ബിസിനസുകാരനായ സൊഹൈല്‍ കത്തൂര്യയെയാണ് ഹന്‍സിക വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹന്‍സിക വിവാഹിതയായത്.
ചിമ്പുഹന്‍സിക പ്രണയം തകര്‍ന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു സംസാരിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ സൗകര്യങ്ങളൊടെയും വളര്‍ന്ന ചിമ്പുവിന് എല്ലാം തമാശയാണ്. ചിമ്പുവിന് കുട്ടിക്കളി മാറിയിട്ടില്ല. നടന്റെ പെരുമാറ്റമാണ് ഹന്‍സിക അകലാന്‍ കാരണമായതെന്ന് അന്ന് ചെയ്യാറു ബാലു പറഞ്ഞു.
ചിമ്പുവിനെ പോലെ പ്രശ്‌നങ്ങളില്‍ അകപ്പെട്ട നടന്‍മാര്‍ തമിഴകത്ത് വിരളമാണ്. നടന്‍ ധനുഷുമായുള്ള പ്രശ്‌നമാണ് ഇതിലേറെ വാര്‍ത്താ പ്രാധാന്യം നേടിയത്. ധനുഷിന്റെ കരിയറിലെ വളര്‍ച്ച ചിമ്പുവിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്ന് തമിഴ് മാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടിട്ടുണ്ട്. മന്‍മദന്‍ എന്ന സിനിമയില്‍ ധനുഷിനെ പരോക്ഷമായി വിമര്‍ശിച്ച് ചില ഡയലോഗുകളും ചിമ്പു പറഞ്ഞു. ഏറെക്കാലം ഈ അസ്വാരസ്യം തുടര്‍ന്നു. 2012 ലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചത്.
പിന്നീട് നടന്‍ ബബ്ലു പൃഥിരാജിനോട് ഒരു ഷോയ്ക്കിടെ ചിമ്പു ദേഷ്യപ്പെട്ട സംഭവവും വാര്‍ത്തയായി. 2017 ല്‍ പുറത്തിറങ്ങിയ അന്‍പാനവന്‍ അലറാതവന്‍ അടങ്കാതവന്‍ എന്ന സിനിമയുടെ റിലീസിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ ചിമ്പുവിന് നേരെ മേക്കേര്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സിനിമയുടെ നിര്‍മാതാവ് മൈക്കല്‍ രായപ്പനും സംവിധായകന്‍ അദ്വിക് രവിചന്ദ്രനും നടനെതിരെ പത്രസമ്മേളനം നടത്തി. ചിമ്പുവിന്റെ ഒപ്പം അഭിനയിക്കാന്‍ ഒരു നായികയും തയ്യാറാകാത്തതിനാല്‍ രണ്ട് മാസം പ്രൊജക്ട് വൈകി.
ഒടുവില്‍ നായികമാരെ ലഭിച്ച് ഷൂട്ട് തുടങ്ങാന്‍ നോക്കിയപ്പോള്‍ ലൊക്കേഷന്‍ മധുരയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മധുരയിലെ ചൂട് കാലാവസ്ഥ തനിക്ക് പറ്റില്ലെന്നാണ് ചിമ്പു ഇതിന് കാരണമായി പറഞ്ഞത്. ലൊക്കേഷന്‍ മാറ്റിയിട്ടും കൃത്യസമയത്ത് നടന്‍ ഷൂട്ടിനെത്തിയില്ല. പിന്നീട് സിനിമ പൂര്‍ത്തിയാകുന്നത് വരെ പല ബുദ്ധിമുട്ടുകളും നടനെക്കൊണ്ടുണ്ടായെന്നും മേക്കേര്‍സ് തുറന്ന് പറഞ്ഞിരുന്നു.