തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഷൈൻ; അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്;അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡിസോർഡർ ഉള്ളവർക്ക്…..
By
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈൻ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തിട്ടും ഷൈൻ തന്റെ രീതികൾ മാറ്റാൻ തയ്യാറായിട്ടില്ല. ഇപ്പോഴിതാ തന്റെ പെരുമാറ്റത്തിന് കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് താരം. തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഷൈൻ പറയുന്നു. ഒരു അഭിമുഖത്തിൽ തന്നെയാണ് ഷൈൻ ഇതേ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ എഡിഎച്ച്ഡി കിഡ് ആണ്. അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരുംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും പുറത്തേക്ക് പോകുന്നതും ഒക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്. അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡിസോർഡർ ഉള്ളവർക്ക്.
എഡിഎച്ച്ഡി ഉള്ളയാൾക്ക് എപ്പോഴും അയാൾ ശ്രദ്ധിക്കപ്പെട്ടണം എന്നായിരിക്കും. മറ്റ് ആക്ടേർസിൽ നിന്നും വ്യത്യാസം തോന്നാൻ ശ്രമിക്കുന്നതും പെർഫോം ചെയ്യുന്നു. ഒരു കൂട്ടം ആളുകളിൽ നിന്നും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്റെ ഏറ്റവും നല്ല ഗുണമാണ്.
കറ നല്ലതാണെന്ന് ചിലർ പറയും. എല്ലാവർക്കും അല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കറയുള്ള ഡ്രസ് ഇട്ട് നടന്നിട്ട് കാര്യമില്ല. പക്ഷെ കറ നല്ലതാകുന്ന ആളുകളുമുണ്ട്. അതുകാെണ്ട് എഡിഎച്ച്ഡി തനിക്ക് വളരെ നല്ലതാണെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. അടുത്തിടെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. എഡിഎച്ച്ഡി ഉണ്ടെന്നും 41ാം വയസിലാണ് ഇത് കണ്ടെത്തിയതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.
ഫഹദ് ഫാസിലിന്റെ തുറന്ന് പറച്ചിലിന് ശേഷമാണ് പലരും ഈ അവസ്ഥയെ കുറിച്ച് അറിഞ്ഞത്. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഇത് കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടർന്നുവരാറുണ്ട്.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
സമയം ക്രമീകരിക്കാൻ കഴിയാതെ വരിക, ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക ഇതൊക്കെയാണ് മുതിർന്നവരിലെ ചില ലക്ഷണങ്ങൾ.
കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക, എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ, എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക,ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക,ചോദ്യങ്ങൾ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക,മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ഷമയില്ലായ്മമൂലം ഇടയിൽ കയറി സംസാരിക്കുക ഇതൊക്കെയാണ് ലക്ഷണങ്ങൾ.