News
ശസ്ത്രക്രിയ വിജയകരം; കാൻസർ മുക്തനായി, ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടൻ ശിവ രാജ്കുമാർ
ശസ്ത്രക്രിയ വിജയകരം; കാൻസർ മുക്തനായി, ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടൻ ശിവ രാജ്കുമാർ
നിരവധി ആരാധകരുള്ള കന്നഡ നടനാണ് ശിവരാജ് കുമാർ. ഇപ്പോഴിതാ പുതുവർഷത്തിൽ തന്റെ ആരാധകർക്ക് ആശ്വാസ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. ശിവരാജ്കുമാറും ഭാര്യ ഗീതയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സന്തോഷം പങ്കുവെച്ചത്.
ക്യാൻസർ വിമുക്തനായ കാര്യമാണ് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞത്. മൂത്രാശയ അർബുദ ബാധിതനായ താരത്തിന് ഡിസംബർ 24-നായിരുന്നു ശസ്ത്രക്രിയ നടന്നത്. യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു സർജറി. ചികിസ്തയ്ക്കിടെ തന്നോടൊപ്പം നിന്നവർക്കും ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു.
സംസാരിക്കുമ്പോൾ ഞാൻ വികാരാധീനനാകുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. കാരണം യുഎസിലേയ്ക്ക് പോകുമ്പോൾ ഞാൻ അൽപ്പം വികാരഭരിതനായിരുന്നു.
എന്നാൽ എനിക്ക് ധൈര്യം പകരാൻ ആരാധകരും ചില സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടർമാരും കൂടെയുണ്ടായിരുന്നു.
എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരിൽ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളിൽ നിന്ന് അത് ലഭിക്കും. ആദ്യ ഘട്ടത്തിൽ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാർച്ചിന് ശേഷം പൂർണ ശക്തിയോടെ ജോലിയിൽ പ്രവേശിക്കാനും ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാൻ തീർച്ചയായും പഴയ ഊർജത്തോടെ തന്നെ തിരിച്ച് വരും, എങ്ങോട്ടും പോകില്ല. ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ലുക്കിലും ഫൈറ്റിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ എപ്പോഴും ഊർജസ്വലനായിരിക്കും എന്നും ശിവ രാജ്കുമാർ പറഞ്ഞു.
