News
ബോയ്ക്കോട്ട് ഗുണമായി…, പത്താന് റെക്കോര്‍ഡ് ബുക്കിംഗ്, ടിക്കറ്റുകള്‍ വിറ്റ് തീരുന്നത് നിമിഷ നേരം കൊണ്ട്
ബോയ്ക്കോട്ട് ഗുണമായി…, പത്താന് റെക്കോര്‍ഡ് ബുക്കിംഗ്, ടിക്കറ്റുകള്‍ വിറ്റ് തീരുന്നത് നിമിഷ നേരം കൊണ്ട്
റിലീസിന് മുന്നേ തന്നെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ ഇപ്പോഴിതാ, ദീപികയുടെ വസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തിനും ഹേറ്റ് ക്യാംപെയ്നുകള്‍ക്കും പിന്നാലെ, വിദേശ രാജ്യങ്ങളില്‍ ടിക്കറ്റിന് വലിയ ഡിമാന്റ് ഉള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വലിയ ഇടവേളയ്ക്ക് ശേഷമുള്ള ഷാരൂഖ് ചിത്രം എന്നതിലും കവിഞ്ഞ ഹൈപ്പ് ആണ് ചിത്രത്തിന് ഇപ്പോള്‍ ഉള്ളത്. പുറത്ത് വന്ന പ്രീ റിലീസ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മനിയിലെ എല്ലാ ഷോകളും ഹൗസ്ഫുള് ആണ്. ബെര്‍ലിന്‍, എസ്സെന്‍, ഡാംഡോര്, ഹാര്‍ബര്‍ഗ്, ഹനോവര്‍, മ്യൂണിക്ക്, ഒഫെന്ഡബാഗ് എന്നീ നഗരങ്ങളില്‍ എല്ലാം റെക്കോര്‍ഡ് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നതായാണ് വിവരം.
നിമിഷ നേരം കോണ്ടാണ് ടിക്കറ്റുകള്‍ വിറ്റ് തീരുന്നത്. ജനുവരി 25നാണ് പത്താന് റിലീസ് ചെയ്യുന്നത്. ‘ഈ ട്രെന്റ് ഇന്‍ഡസ്ട്രിക്ക് ആകെ ഉണര്‍വ്വ് നല്‍കും. പത്താന് ഒരു ഹോട്ട് പ്രൊഡക്ട് ആണ്. മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും റിപ്പോര്‍ട്ടുകള്‍ സമാനമായിരിക്കും,’ എന്നാണ് ചിത്രത്തോട് അടുത്ത് നില്ക്കുന്നവര് പറയുന്നത്.
ചിത്രത്തിലെ ‘ബേഷരം റംഗ്’ എന്ന ഗാനം പുറത്തിറങ്ങിയത് മുതല്‍ പത്താനെതിരെ സംഘപരിവാര്‍ വലിയ വിദ്വേഷപ്രചാരങ്ങള് നടത്തുന്നുണ്ട്. ഗാനരംഗത്തില്‍ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി.
ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി. നിരവധി സന്യാസിമാരും വിവാദപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.
അതേസമയം കേന്ദ്ര സെന്‍സറിംഗ് ബോര്‍ഡില്‍ നിന്ന് പത്താന് തിരിച്ചടി നേരിട്ടിരുന്നു. വിവാദത്തിന് കാരണമായ ‘ബേഷരം റംഗ്’ ഗാനത്തില്‍ ഉള്‍പ്പെടെ, സിനിമയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു. മാറ്റങ്ങള്‍ വരുത്തിയ ചിത്രത്തിന്റെ പതിപ്പ് ഉടന്‍ സമര്‍പ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ മറുപടി നല്കി.
