Connect with us

ഞാനൊരു ഗാന്ധി വിമര്‍ശകനായിരുന്നു, ‘ഹേ റാം’ ഗാന്ധിയോടുളള ക്ഷമാപണം; രാഹുല്‍ ഗാന്ധിയോട് കമല്‍ ഹാസന്‍

News

ഞാനൊരു ഗാന്ധി വിമര്‍ശകനായിരുന്നു, ‘ഹേ റാം’ ഗാന്ധിയോടുളള ക്ഷമാപണം; രാഹുല്‍ ഗാന്ധിയോട് കമല്‍ ഹാസന്‍

ഞാനൊരു ഗാന്ധി വിമര്‍ശകനായിരുന്നു, ‘ഹേ റാം’ ഗാന്ധിയോടുളള ക്ഷമാപണം; രാഹുല്‍ ഗാന്ധിയോട് കമല്‍ ഹാസന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹാസന്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇപ്പോഴിതാ ‘ഹേ റാം’ എന്ന തന്റെ സിനിമ മഹാത്മാ ഗാന്ധിയോടുളള ക്ഷമാപണമെന്ന് പറയുയാണ് മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസന്‍.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചെറുപ്പകാലത്ത് താന്‍ ഗാന്ധി വിമര്‍ശകനായിരുന്നുവെന്നാണ് കമല്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലില്‍ ആണ് ഇരുവരും തമ്മിലുളള സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ എന്റെ കൗമാരക്കാലത്ത് ഞാനൊരു ഗാന്ധി വിമര്‍ശകനായിരുന്നു. അച്ഛന്‍ എന്നോട് തര്‍ക്കിച്ചിരുന്നില്ല. ചരിത്രം വായിക്കാന്‍ പറഞ്ഞു. 24-25 വയസ്സിലാണ് ഞാന്‍ തന്നെ ഗാന്ധിയെ കണ്ടെത്തിയത്. അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് ഞാനൊരു ഗാന്ധി ആരാധകനായി. ഹേ റാം എന്ന സിനിമ എടുത്തത് ഗാന്ധിയോടുളള ക്ഷമാപണമായിട്ടാണ്’ എന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഹേറാമില്‍ താന്‍ ഗാന്ധിയെ കൊല്ലാന്‍ നടക്കുന്ന ആളായിട്ടാണ് അഭിനയിച്ചത്. എന്നാല്‍ ഗാന്ധിയെന്ന വ്യക്തിയേയും സത്യത്തേയും തിരിച്ചറിയുന്നതോടെ അയാള്‍ മാറുകയാണ്. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മറ്റൊരാള്‍ ആ കൃത്യം ചെയ്തു, കമല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തില്‍ അടക്കം നടന്ന കാര്യങ്ങള്‍ക്ക് എല്ലാവരും ഉത്തരവാദികളാണെന്നും കമല്‍ വ്യക്തമാക്കി.

കൊലപാതകം എന്നത് വിമര്‍ശനത്തിന്റെ ഏറ്റവും മോശം രൂപമാണ്. അത് വളരെ തരംതാണമാണ് എന്നും കമല്‍ഹാസന്‍ പറഞ്ഞു. ഭീരുക്കളാണ് കൊലപാതകത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മനപ്പൂര്‍വ്വം ആരെങ്കിലും തകര്‍ക്കുന്നത് വരെ സാമുദായിക സൗഹൃദം നിലനില്‍ക്കും.

കേരളം പോലെയുളള സ്ഥലങ്ങളില്‍ പോയാല്‍ ആ സൗഹൃദം കാണാം, മനപ്പൂര്‍വ്വം സ്പര്‍ധ സൃഷ്ടിക്കുന്നത് വരെ. ഹിന്ദു-മുസ്ലീം എന്നതിന് അപ്പുറമുളള മറ്റ് വശങ്ങളുണ്ട് അതിന്. ബഹുസ്വരത കൊണ്ട് മാത്രമേ നാട് വളരൂ എന്ന് മനസ്സിലാക്കേണ്ടതുണ്ട്, എന്നും കമല്‍ ഹാസന്‍ സംസാരത്തിനിടെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടത് ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ കടമയാണ്. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങുന്നതിന് രാഹുല്‍ ഗാന്ധിയെ കമല്‍ പ്രശംസിച്ചു. ഗാന്ധിയും ഇത് തന്നെയാണ് ചെയ്തത് എന്നും കമല്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേജില്‍ നിന്ന് പ്രസംഗിക്കുന്നതിന് പകരം ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങുകയും അവര്‍ക്ക് പറയാനുളളത് കേള്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം ചേര്‍ന്നത് എന്നും കമല്‍ വ്യക്തമാക്കി. ഡിസംബര്‍ 24ന് ഭാരത് ജോഡോ യാത്ര ദില്ലിയില്‍ എത്തിയപ്പോള്‍ ആണ് കമല്‍ പങ്കെടുത്തത്.

More in News

Trending

Recent

To Top