Actor
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍നാവികരെ മോചിപ്പിക്കാന്‍ ഷാരൂഖ് ഖാന് ഇടപെട്ടിട്ടില്ല; സുബ്രഹ്മണ്യന് സ്വാമിയെ തള്ളി നടന്റെ ടീം
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍നാവികരെ മോചിപ്പിക്കാന്‍ ഷാരൂഖ് ഖാന് ഇടപെട്ടിട്ടില്ല; സുബ്രഹ്മണ്യന് സ്വാമിയെ തള്ളി നടന്റെ ടീം
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ എട്ട് മുന്‍നാവികര്‍ ശിക്ഷയില്‍ നിന്ന് ഇളവുലഭിച്ച് മോചിതരായത് കഴിഞ്ഞദിവസമായിരുന്നു. ഇവരുടെ മോചനത്തിനായി നടന് ഷാരൂഖ് ഖാന് ഇടപെട്ടിരുന്നെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം അടിസ്ഥാനരഹിതമാണെന്നറിയിച്ച് ഷാരൂഖ് ഖാന്റെ ടീം രംഗത്തെത്തിയിരിക്കുകയാണ്.
ഷാരൂഖ് ഖാനുവേണ്ടി അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനി പുറത്തിറക്കിയ കുറിപ്പിലാണ് നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നടന് ഇടപെട്ടിരുന്നെന്ന വാദം നിഷേധിച്ചിരിക്കുന്നത്. ഇത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ നീക്കം വിജയിക്കാന്‍ കാരണമായത് ഇന്ത്യാ ഗവണ്മെന്റ് ഉദ്യോഗസ്ഥരാണെന്ന് ഊന്നിപ്പറയുകയാണ്. ഈ വിഷയത്തില്‍ ഷാരൂഖ് ഖാന്റെ പങ്കാളിത്തം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.
നയതന്ത്രവും സ്റ്റേറ്റ് ക്രാഫ്റ്റും ഉള്‍പ്പെടുന്ന എല്ലാ കാര്യങ്ങളും നമ്മുടെ വളരെ കഴിവുള്ള നേതാക്കള്‍ ഏറ്റവും നന്നായി നിര്‍വഹിക്കുന്നു. നാവികസേനാ ഉദ്യോഗസ്ഥര്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ മറ്റ് പല ഇന്ത്യക്കാരെയും പോലെ മിസ്റ്റര്‍ ഖാനും സന്തോഷിക്കുന്നു, അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കുറിപ്പിലുണ്ട്.
നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിനുതാഴെ സ്വാമി പരാമര്‍ശിച്ചത്. ഖത്തര്‍ ശൈഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഖത്തറും യു.എ.ഇ.യും സന്ദര്‍ശിക്കുന്നത് അറിയിച്ചുള്ള പോസ്റ്റിനുതാഴെയായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ കമന്റ്.
ജയിലില്‍ തുടര്‍ന്ന നാവികരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, തിരുവനന്തപുരം സ്വദേശി നാവികന് രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയില്‍ തുടരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തും.
ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്റയില്‍ ജോലിചെയ്യവേയാണ് ഇവര്‍ അറസ്റ്റിലായത്. ഇന്ത്യയോ ഖത്തറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചാരവൃത്തിയാരോപിച്ചാണ് ഇവരെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി മേയില്‍ അടച്ചിരുന്നു.
