സന്തോഷത്തോടെ വന്ന എനിക്ക് ഇവിടെ കാല് കുത്തിയപ്പോള്‍ കിട്ടിയത് പരാജയമായി പോയി,എങ്കിലും ഒരു നടിയാകുമെന്ന് ഞാനന്ന് തീരുമാനിച്ചു; ശരണ്യ ആനന്ദ്
മിനിസ്ക്രീന്‍ വില്ലത്തിമാരില്‍ ഇപ്പോള്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കു സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു
സിനിമയിലൂടെയാണ് തുടക്കമെങ്കിലും സീരിയലുകളാണ് പ്രശസ്തിയിലേക്ക് എത്തിച്ചത്. എന്നാല്‍ തന്റെ അഭിനയത്തിലേക്കുള്ള വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് പറയുകയാണ് നടി. ജോഷ് ടോക്സിലൂടെ സംസാരിക്കുകയായിരുന്നു ശരണ്യ ആനന്ദ്.സീരിയലിലെ വേദികയെ പോലെ വളരെ ശക്തയും സ്ട്രോങ്ങുമാണ് റിയല്‍ ലൈഫിലെ ഞാന്‍ എന്ന് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അതിന്റെ നേരെ വിപരീത സ്വഭാവമാണ് എനിക്കെന്നാണ് ശരണ്യ പറയുന്നത്. എന്നെ അടുത്ത് അറിയാവുന്ന വളരെ കുറച്ച് പേര്‍ക്കേ എന്റെ ജീവിതത്തെ കുറിച്ച് അറിയുകയുള്ളു. ശരിക്കും പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ കൊണ്ട് വന്ന കാര്യങ്ങളാണ് അതൊക്കെ.
ഞാന്‍ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലാണ്. ജോലിയ്ക്ക് പോയ മാതാപിതാക്കള്‍ അവിടെ വെച്ച് വിവാഹിതരായി താമസിക്കുകയായിരുന്നു. അവിടെ ജീവിച്ചതിന്റെ കള്‍ച്ചര്‍ എന്റെ സ്വഭാവത്തിലുമുണ്ട്.ഗുജറാത്തില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അവിടെ നിന്നും ആദ്യമുണ്ടായ ദുരനുഭവം നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നതാണ്. അവിടെയുള്ള പഞ്ചാബി കുട്ടികളൊക്കെ പാല് നിറമാണ്. എനിക്ക് ഇരുനിറവും. അതുകൊണ്ട് പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്.
സ്കൂളില്‍ ഫാഷന്‍ ഷോ മറ്റും സംഘടിപ്പിക്കുമ്പോള്‍ ലിസ്റ്റില്‍ നിന്നും എന്റെ പേര് വെട്ടി കളയുമായിരുന്നു. അതെനിക്ക് ഏറ്റവും വേദന നല്കിയ കാര്യവുമാണ്. അവിടെ നിന്നും എന്റെ ആത്മവിശ്വാസം പോയി തുടങ്ങി.ആണ്‍കുട്ടി വേണമെന്നത് അച്ഛന് ഭയങ്കര ആഗ്രഹമായിരുന്നു. ഞങ്ങള്‍ രണ്ടാളും പെണ്‍കുട്ടികളായത് കൊണ്ട് കല്യാണം കഴിഞ്ഞ് പോകുമല്ലോ എന്ന വിഷമായിരുന്നു അച്ഛന്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കും വിഷമം തോന്നിയിരുന്നു. എന്നിരുന്നാലും എന്റെ മനസിലെ എന്നുമുള്ള ആഗ്രഹം ഒരു നടിയാകണമെന്നതാണ്. എപ്പോഴും കണ്ണാടിയില്‍ നോക്കി നടിയാകണമെന്ന് പറയും. പക്ഷേ കൂട്ടുകാരികളുടെ അവഗണ ഓര്‍ക്കുമ്പോള്‍ എനിക്കതിന് സാധിക്കുമോ എന്ന സംശയവും വരും.
അങ്ങനെയാണ് ബിഎസ്ഇ നഴ്സിങ് പഠിക്കാന്‍ പോയത്. പക്ഷേ അതിലൊരു സന്തോഷം തോന്നിയില്ല. അതോടെ സന്തോഷമുള്ളത് മാത്രമേ ജീവിതത്തില്‍ ചെയ്യുകയുള്ളു എന്ന് തീരുമാനിച്ചു. ഇതിനിടയില്‍ അച്ഛന് സാമ്പത്തികമായി പ്രശ്നത്തിലായി. എന്നിട്ടും അവര്‍ എന്റെ കൂടെ നിന്നു. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് കൊച്ചിയിലേക്ക് പോന്നപ്പോള്‍ അവരും എനിക്കൊപ്പം വന്നു. പക്ഷേ നാട്ടില്‍ വാടകയ്ക്ക് റെഡിയാക്കിയ വീട് ഇവിടെ വന്നപ്പോള്‍ കിട്ടിയില്ല. ബ്രോക്കര്‍ ഫോണ്‍ എടുക്കാതെ വന്നതോടെ പെരുവഴിയിലായി.
അന്നാണ് മാതാപിതാക്കളുടെയും സഹോദരിയുടെയുമൊക്കെ സ്നേഹവും ഉത്തരവാദിത്തവുമൊക്കെ ഞാന്‍ കൂടുതല്‍ മനസിലാക്കിയത്. നാല് ദിവസത്തോളം ഞങ്ങള്‍ ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. മോള്‍ക്ക് ചെറിയ പ്രായമല്ലേ, അവള് പറഞ്ഞത് കേട്ട് എടുത്ത് ചാടി വരേണ്ടതില്ലായിരുന്നു എന്ന് അച്ഛനും അമ്മയും പറയുന്ന ഘട്ടമെത്തി. ഇരുപത് വയസുള്ളപ്പോഴാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. ഇവിടെ വന്നാല്‍ എനിക്ക് കൈ നിറയെ അവസരമായിരിക്കുമെന്ന് പറഞ്ഞാണ് ഞാന്‍ കൊച്ചിയിലേക്ക് വന്നത്.
അത്രയധികം സന്തോഷത്തോടെ വന്ന എനിക്ക് ഇവിടെ കാല് കുത്തിയപ്പോള്‍ കിട്ടിയത് പരാജയമായി പോയി. എങ്കിലും ഒരു നടിയാകുമെന്ന് ഞാനന്ന് തീരുമാനിച്ചു. ഇന്ന് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് വാങ്ങി നില്ക്കുന്ന ആളാണെന്ന് ശരണ്യ പറയുന്നു.
തെലുങ്കിലൂടെ അഭിനയത്തിലേക്ക് എത്തിയ ശരണ്യ നിരവധി സിനിമകളില്‍ ഇതിനകം അഭനയിച്ചു. മോഹന്‍ലാല്‍ ചിത്രത്തിലൂടെ ചെറിയൊരു റോളിലാണ് ആദ്യം മലയാളത്തില്‍ അഭിനയിക്കുന്നത്.
