Bollywood
പഠാനിലെ രണ്ട് ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ എന്തുതോന്നി? ഷാരൂഖാൻ നൽകിയ മറുപടി കണ്ടോ?
പഠാനിലെ രണ്ട് ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ എന്തുതോന്നി? ഷാരൂഖാൻ നൽകിയ മറുപടി കണ്ടോ?
ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ക്രിസ്‍മസ് സമ്മാനം നൽകി ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് പ്രിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഷാരൂഖ് ഖാന്‍ മറുപടി നൽകിയത്. #asksrk എന്ന ഹാഷ് ടാഗില്‍ വന്ന രസകരവും ലളിതവുമായ ചോദ്യങ്ങള്‍ക്കാണ് കിംഗ് ഖാന്‍ മറുപടി നല്‍കിയത്. ഇന്ന് കഴിച്ച ആഹാരവും ഇപ്പോഴത്തെ ശരീരഭാരവുമൊക്കെ അക്കൂട്ടത്തില്‍ പെടും.
ഇപ്പോഴത്തെ ശരീരഭാരം എത്രയെന്ന ചോദ്യത്തിന് 70 കിലോഗ്രാമിന് സ്വല്‍പം താഴെ എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന ചോദ്യത്തിന് ദാല്‍ ചാവല്‍ എന്ന് മറുപടി. പഠാനിലെ രണ്ട് ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ എന്തുതോന്നി എന്ന ചോദ്യത്തിന് സംഗീത സംവിധായകരായ വിശാല്‍, ശേഖര്‍ അടക്കമുള്ള അണിയറക്കാരോടുള്ള നന്ദി എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. മെസി വേള്‍ഡ് കപ്പ് എടുത്തതിനെക്കുറിച്ച് എന്തു തോന്നി എന്നായിരുന്നു ഇരുവരുടെയും ആരാധകനായ ഒരാളുടെ ചോദ്യം. ഒപ്പം ഷാരൂഖ് ഒരു മെസി ഫാന്‍ ആണോ എന്നും. ആരാണ് അല്ലാത്തത് എന്ന് തിരിച്ചൊരു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.
അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം 2023 ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. പഠാന്‍ എന്നു പേരിട്ടിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.