പ്രതിഫലം താങ്ങാൻ പറ്റില്ല: മണിരത്നം സിനിമയിൽ നിന്ന് നയൻതാരയെ പുറത്താക്കി. പുതിയ നായിക ആര്?
By
വൻ ബിസിനസ് നടക്കുന്ന മേഖലയാണ് സിനിമ. പ്രത്യേകിച്ച് തമിഴ് സിനിമകൾ. കോടികൾ വാരുന്ന ചിത്രങ്ങൾ തുടരെ വരുന്ന തമിഴകത്ത്, വളർന്നവരും വീണവരും ഏറെയാണ്. തമിഴ് ജനത സിനിമാ താരങ്ങൾക്ക് നൽകുന്ന ബഹുമാനത്തെക്കുറിച്ച് നിരവധി മലയാള അഭിനേതാക്കൾ സംസാരിച്ചിട്ടുമുണ്ട്. മികച്ച പ്രതിഫലം, ഒപ്പം ബഹുമാനം ജനസ്വീകാര്യത തുടങ്ങിയവയാണ് തമിഴ് സിനിമാ രംഗത്തെക്കുറിച്ച് ഏവരും എടുത്ത് പറയുന്ന കാര്യം.
എന്നാൽ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് നയൻതാര. വിവാഹവും മക്കളുടെ ജനനവുമായി തിരക്കേറിയ ജീവിതത്തിലാണ് നടി. മാസങ്ങൾക്ക് മുൻപ് നയൻതാര ബോളിവുഡിൽ അഭിനയിച്ച ജവാൻ എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ 35 വർഷത്തിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിൽ നയൻതാര നായികയായിട്ടെത്തുന്നു എന്നൊരു വാർത്ത വന്നിരുന്നു.
മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി റെക്കോർഡ് തുകയാണ് പ്രതിഫലമായി നടി വാങ്ങിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനെകുറിച്ചുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ പ്രശ്‌നമായതായും നയൻസ് ഈ സിനിമയിൽ ഉണ്ടാവില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണിപ്പോൾ.
കഴിഞ്ഞ വർഷങ്ങളിൽ പൊന്നിയൻ സെൽവൻ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കി ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സംവിധായകനാണ് മണിരത്നം. ഇതിന് ശേഷം വരുന്ന സിനിമയായത് കൊണ്ട് തന്നെ സിനിമാപ്രേമികളും ആവേശത്തിലാണ്. തെന്നിന്ത്യയിൽ തന്നെ ഏറെ താരമൂല്യമുള്ള നടിമാരാവും മണിരത്‌നം സിനിമയിലുണ്ടാവുക എന്നത് വ്യക്തമാണ്. സിനിമയ്ക്ക് വേണ്ടി ആദ്യം സമാന്ത റുത്ത് പ്രഭുവിനെയും, സായി പല്ലവിയെയുമായിരുന്നു സമീപിച്ചിരുന്നുന്നത്. പിന്നീടാണ് നയൻതാരയിലേക്ക് എത്തുന്നത്.
പത്ത് കോടിയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങിക്കുന്ന നയൻതാര ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ട് കോടി ആവശ്യപ്പെട്ടതായിട്ടും റിപ്പോർട്ടുകളുണ്ട്. എന്നാൽ നയൻതാര ചോദിച്ച പ്രതിഫലം 12 കോടിയാണെന്നും, ഇത് മണിരത്‌നത്തിനും നിർമാതാവിനും താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. പ്രതിഫലം താങ്ങാൻ പറ്റാത്ത കാരണത്താൽ നയൻതാരയെ സിനിമയിൽ നിന്നും പുറത്താക്കുകയും പകരം മറ്റൊരു നടി വരുമെന്നുമുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. തമിഴ് നടി തൃഷ കൃഷ്ണന്റെ പേരാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.
പൊന്നിയൻ സെൽവനിൽ വളരെ പ്രധാന്യമുള്ള നായിക വേഷം അവതരിപ്പിച്ചത് തൃഷയായിരുന്നു. വിജയ ചിത്രത്തിന് ശേഷം വീണ്ടും മണിരത്നം ചിത്രത്തിൽ തൃഷ തന്നെ നായികയായി എത്തിയേക്കുമെന്നാണ് അറിയുന്നത്. പൊന്നിയൻ സെൽവന് ശേഷം വീണ്ടും ഒരു മണിരത്‌നം ചിത്രത്തിൽ അഭിനയിക്കുന്ന സന്തോഷത്തിലാണ് തൃഷ. കഥ തൃഷയ്ക്ക് ഇഷ്ടപ്പെട്ടു എന്നും ഏറ്റെടുത്തു എന്നുമുള്ള വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥീരികരണം ഇനിയും വന്നിട്ടില്ല.
എന്നാൽ നയൻതാരയുടെ ജവാൻ, ഇരൈവൻ തുടങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ വൻഹിറ്റുകളായിരുന്നു. ഇതോടെയാണ് താരം പ്രതിഫലം വർദ്ധിപ്പിച്ചതെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 2018 വരെ നയൻതാരയുടെ പ്രതിഫലം മൂന്ന് കോടിയായിരുന്നു. നെൽസൺ ദിലീപ് കുമാറിന്റെ കൊലമാവ് കോകില എന്ന ചിത്രത്തിന് നയൻവാങ്ങിയ പ്രതിഫലം 3 കോടിയാണ്. പിന്നീട് രജനികാന്തിന്റെ നായികയായി അഭിനയിച്ചപ്പോൾ നയൻതാര വീണ്ടും പ്രതിഫലം ഉയർത്തുകയായിരുന്നു.
ദർബാർ എന്ന സിനിമയ്ക്ക് വേണ്ടി വാങ്ങിയത് 5.5 കൂടിയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പടിപടിയായി ആ പ്രതിഫലവും ഉയർന്നു. ജവാൻ സിനിമ ഏറ്റെടുക്കുന്നതു വരെ നയൻതാരയുടെ പ്രതിഫലം എട്ട് കോടിയായിരുന്നു. ജവാൻ സിനിമയ്ക്ക് വേണ്ടിയാണ് നയൻതാര രണ്ടക്ക നമ്പറിലേക്ക് മാറിയത്. ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്കാൻ നയൻതാര വാങ്ങിയ പ്രതിഫലം 10 കോടിയായിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന് 10 കോടി കുറവാണെന്ന സംസാരം ആ സമയത്ത് ഉണ്ടായിരുന്നു.