Malayalam
ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത്
ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത്
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്ന് പറയുകയാണ് സീമ വിനീത്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ വിനീത് പറയുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിക്കുന്നുണ്ട്. ഞാൻ വർക്കിന് പോകുന്ന സ്ഥലത്ത് വെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയിൽ വന്ന് മെെക്ക് കെട്ടി വെച്ച് വിളിച്ച് പറയണം, എന്റെ വീട്ടിലേക്ക് വന്ന് തല്ലണം, വീട് ആക്രമിക്കണം, കല്യാണം മുടക്കണം എന്നൊക്കെയാണ് ഇവർ പറയുന്നത്.
പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് എന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എനിക്കിത് താങ്ങാൻ പറ്റുന്നില്ല. ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. ഞാൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്. ഞാൻ പിടിച്ച് പറിക്കാരിയാണെന്ന് പറയുന്നു. പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്. എന്റെ എല്ലാ പേഴ്സണൽ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യാറുണ്ട്.
ഈ വോയ്സ് കേട്ട് എങ്ങനെയോ ആണ് വീട്ടിലെത്തിയത്. വീടായ കാലം മുതൽ എല്ലാവരുമുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത്. അപ്പോൾ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്. എന്നിട്ടും മൂടി വെച്ച് ആൾക്കാരെ രക്ഷപ്പെടുത്തി കൊണ്ട് പോകുകയാണ്. മുമ്പാെരിക്കൽ ട്രാൻസ് വ്യക്തികൾക്ക് ഒരിക്കലും പ്രസവിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അന്നും ഇത് പോലെ വളരെ മോശവും മൃഗീയവുമായി എന്നെക്കുറിച്ച് ഗ്രൂപ്പിൽ പറഞ്ഞു.
ഇന്ന് ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞാൻ ഒരു വ്യക്തിയുടെ പേര് പോസ്റ്റിൽ പറഞ്ഞിട്ടില്ല. ഇവർക്ക് മേലും കീഴും നോക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവരെ മനസിലാക്കി തുടങ്ങിയപ്പോൾ തന്നെ ഇവരെ അവഗണിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ ഇവരെ വെറുതെ വിടരുതെന്നും സീമ വിനീത് പൊട്ടിക്കരഞ്ഞ് കൊണ്ട് പറയുന്നു.
കഴിഞ്ഞ ദിവസം സീമ വിനീത് നടത്തിയ പരസ്യ വിമർശനമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് ആധാരം. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും അല്ലാതെ എന്ത് അറിയാം. പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി.
ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. പിന്നാലെ സീമയ്ക്ക് നേരെ വിമർശനങ്ങളും വന്നു. ഇതിന് ശേഷം പൊട്ടിക്കരഞ്ഞ് സംസാരിക്കുന്ന സീമയെയാണ് ഫേസ്ബുക്ക് ലെെവിൽ കണ്ടത്. ട്രാൻസ് കമ്മ്യൂണിറ്റിയിലെ ചിലർ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുണ്ടെന്നും അധിക്ഷേപിക്കുന്നുണ്ടെന്നും സീമ വിനീത് ഫേസ് ബുക്ക് ലെെവിൽ കരഞ്ഞ് കൊണ്ട് പറഞ്ഞു. ശബ്ദരേഖയും പുറത്ത് വിട്ടു. ഞാൻ പിടിച്ച് പറിക്കാരിയാണെന്ന് പറഞ്ഞു, കല്യാണം മുടക്കണമെന്നും വീട്ടിൽ കയറി തല്ലണമെന്നും പബ്ലിക് ഗ്രൂപ്പിൽ ആഹ്വാനം വന്നു. തനിക്കെന്ത് സംഭവിച്ചാലും ഉത്തരാവാദികൾ ഇവർ ആയിരിക്കുമെന്നും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട് സീമ. തനിക്കെതിരെ കൂട്ടം ചേർന്ന് ആക്രമണം നടക്കുകയാണെന്നാണ് സീമ വിനീത് പറയുന്നത്.
ഇത്തരത്തിൽ ഉള്ള വ്യക്തികൾ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം വികലമായ പ്രസ്താവനകൾ മൂലമാണ് പൊതുസമൂഹത്തിൽ ഇറങ്ങി ജോലിചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്. പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്.
പിന്നെ എല്ലാമനുഷ്യരും അങ്ങനെ അല്ല പകൽ സാരീ ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും. ഒരുപാട് കഷ്ട്ടതകളും യാതനകളും വേദനകളും അനുഭവിച്ചു ഇന്ന് ഈ നിമിഷവും ഞാൻ ഇവിടെ നിൽക്കുന്നുണ്ട്.
എന്നെ പേടിപ്പിചുകളയാം കുറെ വായിൽ തോന്നിയ തെറിവിളിക്കാം കൂട്ടം കൂടി ചർച്ചനടത്തി കുറെ കഥകൾമെനെയാം അപഖ്യാതികൾ പറഞ്ഞുപരത്താം ഇതൊക്കെ അല്ലെ നിങ്ങളുടെ അജണ്ടകൾ. പിന്നെ ഒരാളുടെ പ്രസൻസ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമപരമായി കുറ്റകരമാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ് എന്നും സീമ വിനീത് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ് വുമണാണെന്ന് പറയുന്നത് തെറ്റാണെന്നും ഇത്തരക്കാരെ അംഗീകരിക്കാൻ പറ്റില്ല. അത്തരം ആളുകളോട് തീർത്തും വിയോജിപ്പാണെന്നായിരുന്നു സീമ വിനീത് നേരത്തെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഭീഷണികൾ വന്നത്.
ഇതിനെല്ലാം പിന്നാലെ സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ട്രാൻസ് വുമൺ ഹെയ്ദി സാദിയയും സുഹൃത്ത് ദയ ഗായത്രിയും രംഗത്തെത്തിയിരുന്നു. ഹെയ്ദിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ. മോണോഗമസ് ആയ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻഷിപ്പിലേക്ക് കടന്ന് വരികയും മറ്റൊരാളുടെ ഇമോഷനെ ബ്രേക്ക് ചെയ്ത് കൊണ്ട് ട്രാൻസ് പേഴ്സണാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോട് വിയോജിപ്പുണ്ട്. ഈയൊരു സമയത്ത് കമ്മ്യൂണിറ്റിക്കുള്ളിൽ ഒരു ഐക്യം ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ ഡീൽ ചെയ്ത് പോകാമായിരുന്നു. കഴിഞ്ഞ കാലം ഒരു വ്യക്തിയുടെ പ്രെെവറ്റായ ലെെഫാണ്.
അത് പബ്ലിക്കിലേക്ക് കൊണ്ട് വന്ന് സംസാരിക്കേണ്ട ആവശ്യം ഇല്ല. മുൻപ് വിവാഹം ചെയ്തതിന്റെ പേരിലോ കുട്ടികളുണ്ടായതിന്റെ പേരിലോ ഒരാളുടെ ജെൻഡർ ഐഡന്റിറ്റി നിഷേധിക്കാൻ പറ്റില്ലെന്ന് ഹെയ്ദി സാദിയയും ദയ ഗായത്രിയും പറയുന്നു. ജെൻഡർ ഐഡന്റിറ്റി ഒറ്റയടിക്ക് മനസിലാക്കുന്നതല്ല. ചിലർ കുറച്ച് പ്രായമാകുമ്പോഴായിരിക്കും തിരിച്ചറിയുന്നത്. ട്രാൻസ് വുമൺസിൽ നേരത്തെ വിവാഹം ചെയ്തവരുണ്ട്. നിർബന്ധിച്ചും അച്ഛനും അമ്മയും മരിച്ച് കളയും എന്ന് പറഞ്ഞുമാണ് അവരെ വിവാഹം ചെയ്യിച്ചത്. എന്നാൽ അത് പബ്ലിക്കിലേക്ക് കൊണ്ട് ചർച്ചയാക്കുന്നതും നോർമലെെസ് ചെയ്യുന്നതും ശരിയല്ല.
അതേസമയം ട്രാൻസ് മെൻ സമൂഹത്തിലും തെറ്റായ പ്രവണതകളുണ്ടെന്ന് ഹെയ്ദി പറയുന്നു. ഒരു പുരുഷനെ കല്യാണം കഴിച്ച് അതിലൊരു കുഞ്ഞിന് ജന്മം നൽകിയ ശേഷം സ്ത്രീയെന്ന റോൾ പറ്റാത്തത് കൊണ്ട് ഇറങ്ങി വന്ന് കമ്മ്യൂണിറ്റിയുടെ കൂടെ ജീവിക്കും. ഇറങ്ങി വരുന്നതിൽ തെറ്റില്ല. പക്ഷെ ആ ഭർത്താവിനോടുള്ള കമ്മിറ്റ്മെന്റ് എന്നത് മാന്യമായി ഡിവോഴ്സ് കൊടുക്കുകയെന്നതാണ്. ഡിവോഴ്സ് കൊടുത്ത ശേഷം സർജറിയൊക്കെ ചെയ്യുന്നു. എന്നിട്ട് ഈ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത കുറച്ച് പേരുണ്ട്. അത് വളരെ മോശമാണ്. എല്ലാവരെയും ഉദ്ദേശിച്ചല്ല പറയുന്നത്. മക്കളെ നന്നായി വളർത്തുന്നവരുണ്ട്.
എന്നാൽ എനിക്കറിയുന്ന ഒരാൾ കുട്ടിയെ തിരിഞ്ഞ് പോലും നോക്കുന്നില്ല. അവർ ഡ്രഗ്സൊക്കെയടിച്ച് ജീവിക്കുന്നയാളാണ്. കുട്ടിയെ ഏതോ വീട്ടിൽ പണിക്ക് നിർത്തിയിരിക്കുകയാണ്. വളർന്ന് വരുമ്പോൾ ആ കുട്ടിക്ക് അച്ഛനില്ല. അമ്മ മാറി അച്ഛനായി. രണ്ട് അച്ഛൻമാരും ജീവിതത്തിൽ ഇല്ല. നമ്മുടെ രക്തത്തിന്റെ പങ്ക് വഹിക്കേണ്ടത് നമ്മളല്ലേ. നമ്മുടെ കുഞ്ഞിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. നന്നായി നോക്കുന്നവരുണ്ടെന്നും ഹെയ്ദി സാദിയ വ്യക്തമാക്കി.
അതേസമയം, വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് സീമ പറഞ്ഞതും ചർച്ചയായിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നുണ്ടായിരുന്നു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകൾക്കു മുൻപ് ആണ് തിരിച്ചറിയുന്നതെന്ന് സീമ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണങ്ങൾ പറയുന്നത്.
വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവർ ആണ് ഞങ്ങൾ. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്‌മയിൽ നിന്നും പുറത്തു കടക്കാൻ ഒരു ഭയം ആയിരുന്നു. മറ്റുള്ളവർ എന്തുപറയും മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും, പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ട് പോകും. ജീവിതത്തിൽ ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിൽ ആയിരുന്നില്ല’ സീമ എഴുതി.
മുൻപ് പോസ്റ്റ് പിൻവലിച്ചത് സാഹചര്യത്തിൻറെ സമ്മർദ്ദം മൂലമായിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു അന്ന് ആ പോസ്റ്റ് പിൻവലിച്ചതെന്നും സീമ വ്യക്തമാക്കി. ആഗ്രഹിച്ച പരിഗണനയോ ബഹുമാനമോ ലഭിച്ചില്ല. വ്യക്തിഹത്യയും, ജെൻഡർ അധിക്ഷേപ വാക്കുകളും നേരിട്ടു. ഞാൻ എന്ന വ്യക്തിയെ തന്നെ ഇല്ലായ്‌മ ചെയ്യുന്ന തരത്തിൽ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നതെന്നും സീമ കൂട്ടിച്ചേർത്തു.
നമ്മുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക. നമ്മളെയും നമ്മുടെ തൊഴിലിനെയും. നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുക, ഒരുപാട് തവണ പറഞ്ഞു കൊടുത്തു തിരുത്താൻ ശ്രമിച്ചു നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവർക്ക് മുന്നിൽ മാതൃക ദമ്പതികളായി അഭിനയിച്ചു എന്നും സീമയുടെ കുറിപ്പിലുണ്ട്. മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കൾ കൂടെ ഉണ്ടാവുമെന്നും കുറിപ്പിലുണ്ടായിരുന്നു.
