Malayalam
കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഒടുക്കം ഔദ്യോഗികമായി വിവാഹിതരായി!; സന്തോഷം പങ്കുവെച്ച് സീമ വിനീത്
കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഒടുക്കം ഔദ്യോഗികമായി വിവാഹിതരായി!; സന്തോഷം പങ്കുവെച്ച് സീമ വിനീത്
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹിതയാകുന്നുവെന്ന് സീമ അറിയിച്ചിരുന്നു. എന്നാൽ എന്നാണ് വിവാഹമെന്നോ എപ്പോഴാണ് വിവാഹമെന്നോ സീമ പറഞ്ഞിരുന്നില്ല.
എന്നാൽ ഇപ്പോഴിത താൻ വിവാഹിതയായി എന്ന് അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് സീമ വിവാഹിതയായ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഒടുക്കം ഔദ്യോഗികമായി വിവാഹിതരായി! എന്നാണ് സീമ ഭർത്താവ് നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
അഞ്ച് മാസം മുമ്പായിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സീമ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിശാന്തുമായുള്ള ബന്ദത്തിൽ നിന്ന് പിന്മാറുന്നുവെന്നും സീമ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു.
ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നുവെന്നായിരുന്നു കുറിച്ചത്.
എന്നാൽ ഈ വിവരം സീമയെ സ്നേഹിക്കുന്നവരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് കാരണങ്ങൾ തിരക്കിയും വീണ്ടും ഒരുമിക്കൂ എന്ന് പറഞ്ഞെല്ലാം കമന്റുകൾ രേഖപ്പെടുത്തിയിരുന്നത്. ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സീമ പങ്കുവെച്ചിരുന്നു. ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ല എന്നു പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരുന്നത്.
‘പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം..’ എന്നാണ് സീമ വിനീത് കുറിച്ചിരുന്നത്.
യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി എയർപോർട്ടിൽ പൂക്കളുമായി കാത്തുനിൽക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോർത്തു നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുവരും സന്തോഷത്തോടെയിരിക്കട്ടെ എന്ന ആശംസകളാണ് കമൻറ് ബോക്സ് നിറയെ. പിന്നാലെ വേർപിരിയൽ കുറിപ്പും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർത്ത കൂടി പുറത്തെത്തുന്നത്. വളരെ ലളിതമായി ആരും ഇല്ലാതെയാണ് രണ്ട് പേരും വിവാഹിതരായിരിക്കുന്നത്. ആർഭാടം കാണിക്കാതെ ഇത്രയും ലളിതവും മനോഹരവുമായി വിവാഹം കഴിക്കാമെന്ന് കാട്ടിതന്ന നിങ്ങൾക്ക് അഭിനന്ദങ്ങൾ, ഒരുപാട് കാലം സന്തോഷത്തോടെ രണ്ടാളും ഒരുമിച്ച് ജീവിക്കട്ടെ എന്ന് തുടങ്ങി നിരവധി പേരാണ് സീമയ്ക്കും നിശാന്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്.