Malayalam
വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും, ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല; മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാകില്ലെന്ന് സീമ വിനീത്
വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും, ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല; മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാകില്ലെന്ന് സീമ വിനീത്
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹമെന്ന തീരുമാനം തെറ്റായിരുന്നുവെന്ന് പറയുകയാണ് സീമ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം പങ്കുവച്ചത്.
സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ഇതുപോലെ വീണ്ടും കുറിക്കാൻ ഇട വരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താത്പര്യവും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങൾ നമുക്ക് അനുയോജ്യം ആവണമെന്നില്ല.
അങ്ങനെ ഒരു അവസരത്തിൽ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തിൽ ഒരു കൂട്ട് വേണം ആരേലും ഒപ്പം വേണം എന്നും ആലോചിച്ചു. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകൾക്കുശേഷമാണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവരാണ് ഞങ്ങൾ. പക്ഷേ ഈ ഒരു യോജിപ്പില്ലായ്മയിൽനിന്ന് പുറത്തുകടക്കാൻ ഭയമായിരുന്നു.
മറ്റുള്ളവർ എന്തു പറയും, എങ്ങനെ ഫേസ് ചെയ്യും. പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ടുപോകും. ജീവിതത്തിൽ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തിൽ വളർന്ന വ്യക്തിയാണ് ഞാൻ. ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളിൽ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോൾ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും, ഞാൻ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളുമാണ് കിട്ടിക്കൊണ്ടിരുന്നത്.
ഒരുപാട് തവണ പറഞ്ഞുകൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല. ഒരുപാട് തവണ മറ്റുള്ളവർക്ക് മുമ്പിൽ അഭിനയിച്ച് മാതൃകാ ദമ്പതികളായി. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളേയും നമ്മുടെ തൊഴിലിനേയും നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും, പെട്ടെന്ന് പേടിപ്പെടുത്ത രീതിയിലേക്ക് സ്വഭാവം മാറും. പലപ്പോഴും പ്രശ്‌നം ഉണ്ടാകാതിരിക്കാൻ നിശബ്ദത പാലിച്ചു.
മനസമാധാനത്തോടെ നന്നായി ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും ശരീരവും മനസുമെല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു. മനസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തിൽ ഓരോന്നും നേടിയെടുത്തത്.
അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടുമില്ല. ഇപ്പോഴും എപ്പോഴും ഞാൻ ഞാനായി ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനേയും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. സാഹചര്യവും അവസ്ഥയും മനസിലാക്കുന്ന കുറച്ച് സുഹൃത്തുക്കൾ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.’- സീമ വിനീത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
