Social Media
സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി സഞ്ജു ടെക്കി, വിവാദത്തിനൊടുവിൽ ഒഴിവാക്കി; സ്ഥിരം കുറ്റവാളിയായി കാണരുതെന്ന് സഞ്ജു
സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി സഞ്ജു ടെക്കി, വിവാദത്തിനൊടുവിൽ ഒഴിവാക്കി; സ്ഥിരം കുറ്റവാളിയായി കാണരുതെന്ന് സഞ്ജു
നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് സഞ്ജു ടെക്കി. ഇപ്പോഴിതാ പാലക്കാട് മണ്ണഞ്ചേരി സർക്കാർ ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി സഞ്ജു ടെക്കിയെ ക്ഷണിച്ച നടപടി വിവാദത്തിൽ പെട്ടിരിക്കുകയാണ്. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലാണ് വ്‌ളോഗറെ മുഖ്യാതിഥിയായി നിശ്ചയിച്ചത്.
എന്നാൽ അടുത്തിടെ ഗതാഗത നിയമ ലംഘനത്തിന്റെ പേരിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചയാളെ കുട്ടികളുടെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ സംഘാടകർ സഞ്ജുവിനെ ഒഴിവാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ സ്വയം പിന്മാറിയതാണെന്നാണ് സഞ്ജു അറിയിച്ചിരിക്കുന്നത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സഞ്ജു അറിയിക്കുകയായിരുന്നു. വിവാദമുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായി സംഘാടകരും പറഞ്ഞു. തന്നെ സ്ഥിരം കുറ്റവാളിയായി കാണരുതെന്നും തെറ്റ് തിരുത്താൻ അവസരം നൽകണമെന്നുമാണ് സഞ്ജു ആവശ്യപ്പെടുന്നത്.
തെറ്റ് ഏറ്റ് പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നു. സ്‌കൂളിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.
ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസാണ് പരിപാടിയുടെ മുഖ്യ സംഘാടകൻ. മഴവില്ല് എന്ന പേരിട്ട മാഗസിൻ പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആണ് അധ്യക്ഷൻ. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ സമീപവാസിയെന്ന നിലയിലാണ് സഞ്ജുവിനെ വിളിച്ചതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.
അതേസമയം, കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്‌ത് ഗതാഗത നിയമലംഘനം നടത്തിയ സംഭവത്തിൽ സഞ്ജുവിനെതിരെ എംവിഡി നടപടിയെടുത്തിരുന്നു. തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്റെ ഡ്രൈവിംഗ് ആജീവനാന്ത കാലത്തേയ്ക്ക് റദ്ദാക്കിയത്.