Malayalam
നമുക്ക് എന്താണ് ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ… അതുകൊണ്ട് തന്നെ ആ യൂണിറ്റ് മുഴുവൻ അവിടെ നിന്ന് അഭിനയിക്കുകയാണ്; ഷൂട്ടിങിനിടെ നടന്ന രസകരമായ സംഭവത്തെ കുറിച്ച് സലിം കുമാർ
നമുക്ക് എന്താണ് ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ… അതുകൊണ്ട് തന്നെ ആ യൂണിറ്റ് മുഴുവൻ അവിടെ നിന്ന് അഭിനയിക്കുകയാണ്; ഷൂട്ടിങിനിടെ നടന്ന രസകരമായ സംഭവത്തെ കുറിച്ച് സലിം കുമാർ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്.
അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഇപ്പോഴിതാ ഒരു പരിപാടിയിൽ സംസാരിക്കവെ പച്ചക്കുതിരയുടെ ഷൂട്ടിങിനിടെ നടന്ന രസകരമായ സംബവത്തെ കുറിച്ച് പറയുകയാണ് നടൻ.
ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോൾ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടനെ തേടി എത്തുന്നത്. ലാൽ ജോസ് സിനിമ അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ എന്ന കഥാപാത്രമാണ് രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിന് നേടി കൊടുത്തത്. ആ വർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാൽ ആയിരുന്നു.
ദിലീപിന് അവാർഡുണ്ടെന്ന് സൂചന കിട്ടിയതിനെ തുടർന്നാണ് തങ്ങൾ ചിത്രീകരണം നിർത്തിവെച്ച് പുരസ്കാര പ്രഖ്യാപനം കണ്ടതെന്നും സലിംകുമാർ പറയുന്നു. എനിക്ക് അവാർഡുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ദിലീപിന് അവാർഡുണ്ടെന്ന് കരുതി… പച്ചക്കുതിരയുടെ ഷൂട്ടിങ്ങാണ്.
കമൽ സാർ പറഞ്ഞു നമുക്ക് അവാർഡ് പ്രഖ്യാപനം കേൾക്കാമെന്ന്. അങ്ങനെ ദിലീപിന് അവാർഡുണ്ടെന്ന് പറഞ്ഞ് ഹോട്ടലിന്റെ റിസപ്ഷനിൽ എല്ലാവരും പ്രഖ്യാപനം കാണാൻ ഇരുന്നു. ഫലം വന്നപ്പോൾ മോഹൻലാലാണ് ബെസ്റ്റ് ആക്ടർ. അതോടെ അവിടെയാകെ ഒരു മ്ലാനതയായി. മോഹൻലാലിന് ബെസ്റ്റ് ആക്ടർ കിട്ടിയാൽ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അദ്ദേഹത്തിന് അത് അർഹതപ്പെട്ടതാണ്.
പക്ഷെ ദിലീപിന് കിട്ടിയില്ലല്ലോ. അയാള് നമ്മുടെ മുന്നിൽ നിൽക്കുന്നുമുണ്ട്. അതുകൊണ്ട് അതിൽ വളരെ വിഷമം അഭിനയിക്കണം. അല്ലെങ്കിൽ അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു. നമുക്ക് എന്താണ് ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ… അതുകൊണ്ട് തന്നെ ആ യൂണിറ്റ് മുഴുവൻ അവിടെ നിന്ന് അഭിനയിക്കുകയാണ്.
ശേഷം സെക്കന്റ് ബെസ്റ്റ് ആക്ടർ വന്നപ്പോൾ എന്റെ പേരാണ് പറഞ്ഞത്. സലിംകുമാർ എന്ന അനൗൺസ്മെന്റ് കേട്ടതും പിന്നെ അവിടെ ഭയങ്കര കയ്യടിയായി. സിബി മലയിൽ ആയിരുന്നു ജൂറി ചെയർമാൻ. പണ്ട് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ആളാണ് ജൂറിയായി ഇരുന്ന് എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തത്. അത് കണ്ടപ്പോൾ കാലത്തിന്റെ ഒരു കളിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അത് ഭയങ്കരമാണെന്നും പറഞ്ഞാണ് സലിംകുമാർ അവസാനിപ്പിച്ചത്.
നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്‌റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. മാത്രമല്ല സലിംകുമാറിന്റെ എക്കാലത്തേയും ഹിറ്റ് കഥാപാത്രങ്ങളിൽ ഏറെയും ദിലീപ് സിനിമകളിലാണുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്.
അടുത്തിടെ നടൻ ദിലീപുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും സലിം കുമാർ പറഞ്ഞിരുന്നു. എന്നെ ദിലീപ് അമേരിക്കയിൽ വെച്ച് അടിച്ചിട്ടുണ്ട്. എല്ലാവരും പരിപാടിക്ക് മുമ്പുള്ള പ്രാർഥന നടത്തുകയായിരുന്നു. ആ സമയത്ത് ദിലീപ് പ്രാർഥിച്ചപ്പോൾ ഇത്തിരി ശബ്ദം കൂടിപ്പോയി. അത് കേട്ട് ഞാൻ ചിരിച്ചു. അതിനാണ് ദിലീപ് എന്നെ തല്ലിയത്. ഞാൻ ദൈവ വിശ്വാസമുള്ള ആളാണ്.’പക്ഷെ ദൈവം അമ്പലത്തിലും പള്ളിയിലുമിരിക്കുന്നുവെന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിയിലെല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു.
