Malayalam
ആ ജയിലിൽ നിന്ന് സുനിയെ കൊണ്ട് കത്തയപ്പിച്ചത് ആര്?, അവരാണ് ഇതിന് പിറകിൽ, ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്; സജി നന്ത്യാട്ട്
ആ ജയിലിൽ നിന്ന് സുനിയെ കൊണ്ട് കത്തയപ്പിച്ചത് ആര്?, അവരാണ് ഇതിന് പിറകിൽ, ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്; സജി നന്ത്യാട്ട്
ഏഴര വർഷങ്ങൾക്ക് ശേഷം പൾസർ സുനയ്ക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചർച്ചകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. ജാമ്യത്തിനായി കോടതി കയറിയിറങ്ങിയ പൾസർ സുനിക്ക് കേസ് നടത്തിപ്പിന് ചെലവാകുന്ന കാശ് കൊടുക്കുന്നത് ആരാണ്, എവിടുന്നാണ് ഈ കാശ് വരുന്നതെന്നുമാണ് മിക്കവരുടെയും സംശയം.
ഇപ്പോഴിതാ ഈ വിഷയത്തിൽ ഇതേ സംശയം ഉന്നയിക്കുകയാണ് ഫിലിം ചേംബർ ജനറൽ സെക്രട്ടറിയും നിർമാതാവുമായ സജി നന്ത്യാട്ട്. വിചാരണ വൈകിക്കുന്നത് ദിലീപാണ് എന്ന് പൾസർ സുനി പറഞ്ഞതോടെ രണ്ട് കൂട്ടരും രണ്ട് പക്ഷത്താണ് എന്ന് വ്യക്തമായില്ലേ എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.
പൾസർ സുനിക്ക് ജാമ്യം ലഭിച്ചത് വ്യക്തിപരമായി താൽപര്യമുള്ള കാര്യമല്ല. കാരണം ഈ കേസിലെ ഒന്നാം പ്രതിയാണ് അയാൾ. സുനിയാണ് ഈ കുറ്റകൃത്യം ചെയ്തത്. പക്ഷെ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാൻ എല്ലാ പൗരൻമാർക്കും ബാധ്യതയുണ്ട്. അതുകൊണ്ട് കോടതി വിധി മാനിക്കുന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.
സുപ്രീം കോടതിയിൽ പൾസർ സുനി പലതവണയായി ജാമ്യഹർജി കൊടുക്കുന്നു. ഹൈക്കോടതിയിലും പലതവണ ജാമ്യഹർജി കൊടുത്തിട്ടുണ്ട്. ഇതിനുള്ള പണമെവിടെ നിന്നാണ് ലഭിക്കുന്നത്. പൾസർ സുനി ജാമ്യം ലഭിക്കാൻ പറഞ്ഞ കാരണമെന്താണ്? ദിലീപിന്റെ അഭിഭാഷകൻ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ പോലും 109 ദിവസം വിസ്തരിച്ചു. അതിൽ 90 ദിവസവും വിസ്തരിച്ചത് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയാണ് എന്നൊക്കെയാണ്. അതിന് കാരണമെന്താണ്? കുറ്റപത്രത്തിൽ 1800 പേജാണ് ഉള്ളത്. ഈ 1800 പേജും തലനാരിഴ കീറി പരിശോധിക്കപ്പെടണം. എന്നിട്ട് അത് ക്രോസ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. അത് നിയമമറിയാവുന്ന എല്ലാവർക്കും അറിയാം എന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ അത് ക്രോസ് ചെയ്യേണ്ടി വരും. അതോടൊപ്പം തന്നെ ഒട്ടേറെ സാക്ഷികൾ, ഊഹാപോഹം പ്രചരിപ്പിക്കുന്നവർ ഒത്തിരിയുണ്ട്. പിന്നെ ഡിജിറ്റൽ തെളിവുകൾ, ഇതെല്ലാം ക്രോസ് ചെയ്ത് വരുമ്പോൾ സ്വാഭാവികമായും സമയമെടുക്കും. അതിനിടയ്ക്ക് ബാലചന്ദ്രകുമാറിന്റെ എൻട്രി. പല കേസുകളും വരുമ്പോൾ ദിലീപിനെതിരായി പല കാര്യങ്ങളും ആരോപിക്കുമ്പോൾ സ്വാഭാവികമായി ദിലീപ് അതിനെ കൗണ്ടർ ചെയ്യും.
ഇനി ഒന്നര മാസം കൊണ്ട് പ്രധാന കേസിന്റെ വിധി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപും അദ്ദേഹത്തിന്റെ 2012 മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ഫോണുകളും എല്ലാം നിരീക്ഷണത്തിലാണ്. ജാമ്യം ലഭിച്ചിട്ടുള്ളയാളെ സ്വാഭാവികമായും നിരീക്ഷിക്കും. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കാനുള്ള നടപടിയുണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കും. അതുകൊണ്ട് അതിനെതിരായിട്ടുള്ള പ്രശ്‌നം വരാതിരിക്കാൻ ദിലീപ് പരമാവധി ശ്രമിക്കും.
സുപ്രീംകോടതിയിൽ കേസ് നടത്തിയിട്ടുള്ള ഏതൊരാൾക്കും അതിന്റെ ചിലവ് അറിയാം. പൾസർ സുനിക്ക് ഇത്രയും ലക്ഷങ്ങൾ എവിടുന്ന് വന്നു. അതിൽ ദുരൂഹതയുണ്ട്. ഇത് എന്താണ് അന്വേഷിക്കാത്തത്. ദിലീപിന്റെ വക്കീലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാൻ കാരണക്കാരൻ എന്നാണ് സുനിയുടെ വാദം. അപ്പോൾ പൾസർ സുനിയും ദിലീപും രണ്ട് പാത്രത്തിലാണ് എന്നതിൽ സംശയമൊന്നുമില്ലല്ലോ. പിടിക്കപ്പെട്ടതിന് ശേഷം ദിലീപാണ് ഇത് ചെയ്തത് എന്ന് ജയിലിൽ നിന്ന് കത്തയയ്ക്കുകയായിരുന്നു. ആ ജയിലിൽ നിന്ന് കത്തയപ്പിച്ചത് ആര്. അവരാണ് ഇതിന് പിറകിൽ.
അതിൽ സംശയമെന്തിരിക്കുന്നു. ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്. ഈ ആളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് പൾസർ സുനി എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. അത് മാത്രമല്ല ആദ്യം പൾസർ സുനി ഓടിക്കയറിയ ദൃശ്യങ്ങളിലുള്ളത് ഒരു വീടാണ്. ആ വീട് കേന്ദ്രീകരിച്ച് ഇന്നുവരെ അന്വേഷണം നടന്നിട്ടുണ്ടോ. ഇതിൽ ദുരൂഹതയുണ്ട് എന്നതിൽ സംശയമെന്തിരിക്കുന്നു? എന്നും സജി നന്ത്യാട്ട് പറഞ്ഞു.