Malayalam Breaking News
വൈത്തിരിയില്‍ തുടങ്ങിയ “തേന്‍കട” യുടെ പുതിയ കട പ്രളയത്തില്‍ താഴ്ന്നു പോയ വീഡിയോ- 50 ലക്ഷം രൂപ മണ്ണിനടിയിലായ തേന്‍കട ഉടമസ്ഥന് ഉസ്മാന്റെ കഥ നിങ്ങള്‍ വായിക്കണം
വൈത്തിരിയില്‍ തുടങ്ങിയ “തേന്‍കട” യുടെ പുതിയ കട പ്രളയത്തില്‍ താഴ്ന്നു പോയ വീഡിയോ- 50 ലക്ഷം രൂപ മണ്ണിനടിയിലായ തേന്‍കട ഉടമസ്ഥന് ഉസ്മാന്റെ കഥ നിങ്ങള്‍ വായിക്കണം
വൈത്തിരിയില്‍ തുടങ്ങിയ “തേന്‍കട” യുടെ പുതിയ കട പ്രളയത്തില്‍ താഴ്ന്നു പോയ വീഡിയോ- 50 ലക്ഷം രൂപ മണ്ണിനടിയിലായ തേന്‍കട ഉടമസ്ഥന് ഉസ്മാന്റെ കഥ നിങ്ങള്‍ വായിക്കണം
മഹാ പ്രളയത്തിന്റെ തമോഗര്‍ത്തങ്ങളില്‍ ആണ്ടുപോയിട്ടും സര്‍വ്വ നഷ്ടങ്ങളും മറന്ന് സഹജീവികളെ രക്ഷിക്കാന്‍ മുന്‍ നിരയില്‍ നിന്ന ഉസ്മാന് മദാരിയുടെ കഥ നിങ്ങളില്‍ ഓരോരുത്തരും വായിച്ചിരിക്കണം… പ്രളയം ഉസ്മാന് സമ്മാനിച്ചത് ചെറിയ നഷ്ടങ്ങളായിരുന്നില്ല… 50 ലക്ഷം രൂപയുടെ നഷ്ടങ്ങളായിരുന്നു…. പ്രളയത്തില്‍ മുങ്ങിപ്പോയിട്ടും ആ ഇരുട്ടില്‍ നിന്നും ഒരു ജലപക്ഷിയെ പോലെ വെളിച്ചത്തിലേക്ക് പറന്നുയര്‍ന്ന് പുഞ്ചിരിയോടെ ദുരന്തത്തില്‍ പെട്ടവര്‍ക്ക് തന്റെ സര്‍വ്വ നഷ്ടങ്ങളും മറന്ന് സഹായ മുഖങ്ങളില്‍ മുന്‍നിരയില്‍ നിന്ന ഉസ്മാന് മദാരിയുടെ കഥ ആവേശകരമാണെന്നാണ് സംവിധായകന് റോബിന് തിരുമല പറയുന്നത്. യുവസംരംഭകര്‍ മാതൃകയാക്കേണ്ട ഒരു പാഠ പുസ്തകം കൂടിയാണ് ഉസ്മാന് എന്നും അദ്ദേഹം പറയുന്നു.
ഉസ്മാന് മദാരിയുടെ കഥയുമായി റോബിന് തിരുമല
ദുരന്തങ്ങളുടെ മുന്നില്‍ ഒരാള്‍ക്ക് പുഞ്ചിരിയോടെ നില്ക്കാന് കഴിയുന്നതിനേക്കാള്‍ വലിയ കാഴ്ചയില്ല തന്നെ. ഇക്കഴിഞ്ഞ മഹാപ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അതില്‍ പണ്ഡിതനെന്നോ, പാമരനെന്നോ വേര്‍തിരിവില്ല. നിര്‍ദ്ധനനും ധനവാനും ഇല്ല. അനന്തരം ഈ പ്രളയത്തിന്റെ ദുരിത മുഖത്തേക്ക് എമ്പാടു നിന്നും സഹായ ഹസ്തങ്ങള്‍ എത്തുമ്പോള്‍ ആരും ശ്രദ്ധിക്കാതെ കിടന്ന ഏറെക്കുറെ ശിഥിലമാക്കപ്പെട്ട ഒരു കൂട്ടര് ഉണ്ടായിരുന്നു നമുക്കിടയില്‍. ചെറുകിട സംരംഭകര്‍. കേരളത്തിന്റെ വ്യവസായ ഭൂപടത്തിലെ കുഞ്ഞു നക്ഷത്രങ്ങള്‍. പക്ഷേ, നമ്മുടെ വ്യവസായ താരാപഥങ്ങളില്‍ തിളങ്ങി നില്‍ക്കേണ്ട ആ കൊച്ചു നക്ഷത്ര സമൂഹങ്ങള്‍ ഒരു മഹാ പ്രളയത്തിന്റെ തമോഗര്‍ത്തങ്ങളില്‍ ആണ്ടുപോയി. പക്ഷെ, ആ ഇരുട്ടില്‍ നിന്നും ഒരു ജലപക്ഷിയെപ്പോലെ വെളിച്ചത്തിലേക്ക് പറന്നുയര്‍ന്നു, പുഞ്ചിരിയോടെ ദുരന്തത്തില്‍ പെട്ടവര്‍ക്ക് തന്റെ സര്‍വ്വ നഷ്ടങ്ങളും മറന്ന് സഹായ മുഖങ്ങളില്‍ മുന്‍നിരയില്‍ നിന്ന ഉസ്മാന് മദാരിയുടെ കഥ ആവേശകരമാണ്. ഒരുപക്ഷേ നമ്മുടെ യുവസംരംഭകര്‍ മാതൃകയാക്കേണ്ട ഒരു പാഠ പുസ്തകം.
എന്റെ ഗുരുനാഥനും പ്രശസ്ത മൈന്‍ഡ് പവര്‍ ട്രെയിനറുമായി ഡോക്ടര്‍ പി.പി. വിജയനാണ് ഉസ്മാനെ കുറിച്ച് ആദ്യം പറയുന്നത്. അയാളുടെ കൈയില്‍ നല്ല നിലവാരമുള്ള വയനാടന്‍ തേന്‍ ഉണ്ട്. വയനാടന്‍ മലനിരകള്‍ക്കു താഴെ ജനിച്ചുവളര്‍ന്ന എനിക്ക് നല്ല തേന്‍ ഒരു കിട്ടാക്കനിയല്ല. പക്ഷേ, എന്തുകൊണ്ടോ ഞാന്‍ ഉസ്മാനെ വിളിച്ചു. ഉസ്മാന് തേനിന്റെ ഫിലോസഫി പറഞ്ഞ് എന്നെ വിസ്മയിപ്പിച്ചു. കൂടുതല്‍ ചോദിച്ചറിഞ്ഞു. സാധാരണ വിദ്യാഭ്യാസം ലഭിച്ച വെറുമൊരു തുന്നല്‍ക്കാരനില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തു ആ അനുഭവസമ്പത്തുമായി തിരികെയെത്തിയ ഉസ്മാനില്‍ ഒരു മികച്ച സംരംഭകനെ ഞാന്‍ കണ്ടു. ഉസ്മാന് പറഞ്ഞു: ഞാന്‍ തേനിന് വേണ്ടി മാത്രമായി ഒരു കട തുടങ്ങുകയാണ്. തേന്‍ കട. എനിക്ക് ആവേശമായി. പിന്നെ, വിളികള്‍. സന്ദര്‍ശനങ്ങള്‍. തേനിനെക്കുറിച്ചുള്ള പുത്തന്‍ അറിവുകള്‍. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അതത് പൂക്കളുടെ സീസണില്‍ എടുക്കുന്ന വിവിധയിനം തേനുകള്‍ രുചിച്ചറിഞ്ഞു. വാത സംബന്ധമായ ബുദ്ധിമുട്ടുള്ള എനിക്ക് കടുക് പൂന്തേന്‍ ഒരാശ്വാസമായി. ഒപ്പം, തേനും വയനാടന്‍ മഞ്ഞളും ചേര്‍ത്ത മിശ്രിതം എന്റെ നിത്യ ആഹാരമായി. ജലദോഷവും, മറ്റ് അലര്‍ജിയും അകന്നു പോയി. സാവധാനം തേനിന്റെ മാഹാത്മ്യം എന്നെ പഠിപ്പിക്കുകയായിരുന്നു ഉസ്മാന്.
അധികം വൈകാതെ വൈത്തിരി പുതിയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഉസ്മാന് ബീ ക്രാഫ്റ്റ് തേന്‍ കട ആരംഭിച്ചു. ഞാന്‍ നടന് മനോജ് കെ ജയനോടൊപ്പം കടയിലെത്തി ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. വളരെ വേഗം വളരുകയായിരുന്നു തേന്‍ കട. പൊതുവെ തേനിന്റെ വിശ്വാസ്യതയെ സംശയത്തോടെ നോക്കിയിരുന്ന വയനാട്ടുകാര്‍ പോലും തേന്‍ കടയിലേക്ക് തേനീച്ചകളെപ്പോലെ പറന്നെത്തി. ഉസ്മാന് ഒരു ദിവസം എന്നോട് ചോദിച്ചു: സാറിന് എന്റെ ഒപ്പം കൂടി കൂടെ? ഞാന്‍ ഒന്നും ആലോചിച്ചില്ല. കണ്ട നാള്‍മുതല്‍ എന്റെ എഫ്.ബി. പേജില്‍ ഒരിടം ഉസ്മാനായി ബാക്കിവെച്ചിരുന്നു. മനസ്സിലും. തുടര്‍ന്ന് ഞാനും ഉസ്മാനും പങ്കാളികളായി എറണാകുളത്ത് തേന്‍ കടയുടെ ബ്രാഞ്ചിന്റെ പണി തുടങ്ങി. അതിനിടെ തേന്‍ കടയില്‍ നിന്നും തേന്‍ വാങ്ങിയവരോക്കെ അനുഭവസാക്ഷ്യങ്ങളുമായി മുന്നിലെത്തി. ബി ക്രാഫ്റ്റ് തേന്‍ നല്ല തേന്‍ എന്ന് അവര്‍ സംശയലേശമെന്യേ പറഞ്ഞു. പുതിയൊരു ബ്രാന്‍ഡിംഗ് സൃഷ്ടിക്കാനായി പിന്നെ ഞങ്ങളുടെ ശ്രമങ്ങള്‍. അതില്‍ വിജയിച്ചു മുന്നേറികൊണ്ടിരുന്നു. ചില ലോകോത്തര ഹോട്ടല്‍ ബ്രാന്‍ഡുകളുമായി ധാരണകളും, ചര്‍ച്ചകളും നടന്നു. വിതരണവും തുടങ്ങി. ഒരു ലോകപ്രശസ്ത വിമാനക്കമ്പനിയുമായി അവരുടെ വിമാനത്തില്‍ തേന്‍ വിളമ്പാനായി ചര്‍ച്ചകള്‍ നടന്നു. ദൈവം നമുക്കുമേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്ന് ഞങ്ങള്‍ക്കു തോന്നിയ നിമിഷങ്ങള്‍.
മൂന്നാഴ്ച മുമ്പ്, നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഒരു രാത്രിയില്‍ ഉസ്മാനും ഞാനും എറണാകുളത്തുനിന്നും പിരിയുന്നു. അന്നു രാത്രി മഴ തുടങ്ങിയിരുന്നു. വെറും മഴ. പക്ഷേ അതു പിന്നെ സാവധാനം രൗദ്രഭാവം പൂണ്ടു. രാത്രി നെടുമ്പാശ്ശേരിയിലെ ഫ്ളാറ്റില്‍ നിന്നും ഉസ്മാന് വിളിച്ചു. സാര്‍, വയനാട് മഴയില്‍ മുങ്ങുകയാണ്. നമുക്ക് കുഴപ്പമൊന്നുമില്ല. എന്റെ അയല്‍നാട്ടില്‍ മഴ കനക്കുന്നതിന്റെ ആശങ്കകളുമായി ഞാന്‍ ഉറങ്ങി. ഫോണ്‍ സൈലന്റ് ആയിരുന്നു. വെളുപ്പിന് ഉണരുമ്പോള്‍ ഉസ്മാന്റെ നിരവധി മിസ്ഡ് കോളുകള്‍. വാട്സ്ആപ്പില്‍ ഉസ്മാന്റെ ശബ്ദ സന്ദേശം: സാര്‍ ദുരന്തം നമ്മളെയും തേടിയെത്തി. നമ്മുടെ കട ഉള്‍പ്പെടെ പഞ്ചായത്ത് കെട്ടിടം ഒന്നായി ഭൂമിയിലേക്ക് താഴ്ന്നുപോയി.
ആ വാക്കുകള്‍ കേട്ട് ഞാനാകെ തകര്‍ന്നുപോയി. പക്ഷേ ഉസ്മാന്റെ വാക്കുകളില്‍ ആകുലതകള്‍ ഇല്ല. ഉടന്‍ ഉസ്മാനെ വിളിച്ചു. അയാള്‍ വളരെ ശാന്തനായി പതിയെ പറഞ്ഞു: സാറേ.. എല്ലാം പോയി.. ലക്ഷങ്ങളുടെ സ്റ്റോക്ക് ഇന്നലെ നിറച്ചിരുന്നു. ഇനി അതെല്ലാം വെറും കനവു മാത്രം. എന്റെ വാക്കുകള്‍ വിറങ്ങലിച്ചു. അത് മനസ്സിലാക്കി ഉസ്മാന് പറഞ്ഞു: അതു സാരമില്ല സാറേ.. നമ്മള് ഇതിനെയും മറികടക്കും. കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങുമ്പോള്‍ നമ്മുടേത് എത്ര നിസ്സാരം.. നമ്മുടെ ബ്രാന്‍ഡ് ബാക്കിയുണ്ടല്ലോ. അതു മാത്രം പോരെ.. എനിക്ക് വിശ്വാസമുണ്ട്.. നമ്മള് എറണാകുളത്ത് തീരുമാനിച്ച ദിവസം തന്നെ കടയുടെ ഉദ്ഘാടനം നടത്തും.. പക്ഷെ.. പ്രതീക്ഷിച്ചതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. നെടുമ്പാശ്ശേരിയില്‍ ഫഌറ്റില്‍ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപയുടെ സ്റ്റോക്കും വെള്ളത്തില്‍ മുങ്ങി നശിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ സ്റ്റോക്കുകളുടെ പരിരക്ഷയും ലഭിക്കില്ല. എറണാകുളത്തെ ഷോപ്പിന്റെ ഏതാണ്ട് പൂര്‍ത്തിയാകാറായ പണികള്‍ നിന്നു. ഇനി എന്തു ചെയ്യും എന്ന എന്റെ ചോദ്യത്തിന് ഉസ്മാന് എന്നെ സമാധാനപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള സമയം മുഴുവന്‍ ഉസ്മാന് പ്രളയ ബാധിതരോടൊപ്പം ആയിരുന്നു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഭാര്യ നജുമയോടൊപ്പം എത്തിച്ചു കൊണ്ടിരുന്നു. (ആ കുട്ടിയെക്കുറിച്ചു പറയാതെ വയ്യ..ഒരു പ്രതിസന്ധിയില്‍ ഭാര്യയുടെ റോള്‍ എന്തായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് നജുമാ. കൂടെ, എടുത്തു പറയേണ്ട ഒരാള്‍ റഫീക്ക് വൈത്തിരി ആണ്. മുന്‍ മന്ത്രി മഞ്ഞളാകുഴി അലിയുടെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്ന ആള്.ഉസ്മാന് ഇതുപോലെ ഒരു വലിയ ടീമിനെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാവാം ഒരു പക്ഷെ അയാളുടെ വിജയം.)
അതിനിടെ വൈത്തിരിയിലെ രണ്ടു കണ്ണുകള്‍ക്കും ക്യാന്‍സര്‍ ബാധിച്ച ലെന, ലെന്‍സ എന്നീ രണ്ടു കൊച്ചു കുട്ടികളുടെ ചികിത്സാ ഫണ്ടും, അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇപ്പോഴും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ആണ് ഉസ്മാന്… ഉസ്മാന് തന്റെ ലക്ഷ്യത്തിലേക്കു തിരിച്ചെത്താന്‍ ഒരു പക്ഷെ ഇനിയും സമയം എടുത്തേക്കാം. ഈ പ്രളയ ദുരന്തത്തില്‍ തകര്‍ന്നത് ഉസ്മാന് മദാരിയുടെ മാത്രം സ്വപ്നങ്ങള്‍ അല്ല. തങ്ങളുടെ, മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളും, സംരംഭകരും കേരളത്തില്‍ ഉണ്ട്. അവരുടെ, സ്വപ്നങ്ങള്‍ക്കു ചിറക് മുളക്കണം എങ്കില്‍ അടിയന്തിരമായി അവര്‍ക്ക് സര്‍ക്കാര്‍ പ്രഘ്യാപിച്ച സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ തകരുക നാടിന്റെ ജീവനാഡി ആയ ഒരു വ്യാപാര മേഖലയാണ്. കേരളത്തിലെ വ്യവസായ ഭൂപടത്തില്‍ നാളെ അടയാളപ്പെടുത്തേണ്ട വ്യവസായികളെയാണ്.
തനിക്കു നേരിട്ട ഈ ദുരന്തത്തില്‍ നിന്നും ഉസ്മാന് പുറത്തു വരും എന്നും ഒരു വലിയ സംരംഭകനായി ഉസ്മാന് വളരും എന്നും എനിക്ക് ഉറപ്പുണ്ട്. കാരണം, ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും, അതില്‍ നിന്നും നന്മയെ പുറത്തു കൊണ്ടു വരാനും ശുഭാപ്തി വിശ്വാസം ഉള്ള ഒരു മനസ്സ് അയാള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ഉസ്മാനിലെ സംരംഭകനെ ഇല്ലാതാക്കാന്‍ ഒരു പ്രളയത്തിനും, ഒരു ദുരന്തത്തിനും കഴിയില്ല എന്നുറപ്പ്. ആ വിശ്വാസം ഇത്തരത്തില്‍ സര്‍വ്വവും നഷ്ടമായ എല്ലാ സംരംഭകര്‍ക്കും ഉണ്ടാവട്ടെ. അവരാവണം ഭാവി കേരളത്തിന്റെ സൃഷ്ടാക്കള്‍.
Robin Thirumala about Usman Madhari flood story
