News
ഐപിഎല്‍ സീസണ് അവസാനിച്ചതിന് ശേഷം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ്
ഐപിഎല്‍ സീസണ് അവസാനിച്ചതിന് ശേഷം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ്
ഐപിഎല്‍ സീസണ് അവസാനിച്ചതിന് ശേഷം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയില്‍ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ജിയോ സിനിമ സൗജന്യ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നത് ഐപിഎല്ലോടെ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്.
നെറ്റ്ഫ്ലിക്സ്, വാള്‍ട്ട് ഡിസ്നി തുടങ്ങിയ ആഗോള പ്രമുഖരെ നേരിടുന്നതിനായി 100ലധികം സിനിമകളും ടിവി സീരീസുകളും അവതരിപ്പിച്ച് കൊണ്ട് വമ്പന്‍ പദ്ധതിക്കാണ് ജിയോ സിനിമ തയാറെടുക്കുന്നത്. എന്നാല്‍, ചില ഉപഭോക്താക്കള്‍ക്ക് ഈ ഉള്ളടക്കം കാണുന്നതിന് നിരക്കുണ്ടാകുമെന്ന് റിലയന്‍സിന്റെ മീഡിയ ആന്‍ഡ് കണ്ടന്റ് ബിസിനസ് പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.
ഈ സീസണ് ഐപിഎല്‍ മത്സരങ്ങള്‍ എല്ലാവര്ക്കും സൗജന്യമായി കാണാമെന്നും ജ്യോതി വ്യക്തമാക്കി. നിലവില്‍ ജിയോ സിനിമ ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎല്‍ മത്സരങ്ങള്‍ കാണാനാകും. ഇതില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതിനുപുറമെ, ഭാഷ മാറ്റിയാല്‍ ആപ്പ് കമന്ററി മാറ്റുക മാത്രമല്ല, സ്ഥിതിവിവരക്കണക്കുകളിലും ഗ്രാഫിക്സിലും വരുന്ന മാറ്റങ്ങളും കാണാനാകും.
കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സിനെതിരെ സിഎസ്കെയുടെ റണ്‍ ചേസില്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യവേ 2.2 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മത്സരം തല്‍സമയം കണ്ടത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിന് 1.8 കോടി കാഴ്ചക്കാര്‍ ജിയോ സിനിമയില്‍ ഒരേസമയം എത്തിയതിന്റെ റെക്കോര്‍ഡാണ് സിഎസ്കെ റോയല്‍സ് മത്സരം തകര്‍ത്തത്.
