Actor
ദീപികയെ പ്രൊപ്പോസ് ചെയ്തിട്ട് അമ്മയുടെ മറുപടി അറിയാൻ ഒളിച്ചു നിക്കേണ്ടി വന്നിട്ടുണ്ട്: രൺവീർ സിംഗ്
ദീപികയെ പ്രൊപ്പോസ് ചെയ്തിട്ട് അമ്മയുടെ മറുപടി അറിയാൻ ഒളിച്ചു നിക്കേണ്ടി വന്നിട്ടുണ്ട്: രൺവീർ സിംഗ്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും 2018 ലാണ് ദീപികയും രൺവീറും വിവാഹിതരായത്. വിദേശത്ത് വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ദീപികയെ വിവാഹത്തിന് പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രൺവീർ സിംഗിപ്പോൾ. മാലിദ്വീപിൽ വെച്ചാണ് ദീപികയെ സർപ്രെെസായി പ്രൊപ്പോസ് ചെയ്തതെന്ന് രൺവീർ പറയുന്നു. മോതിരം നൽകി പ്രൊപ്പോസ് ചെയ്തപ്പോൾ ദീപിക ഇമോഷണലായി. അവളത് പ്രതീക്ഷിച്ചിരുന്നില്ല.നടി സമ്മതം പറഞ്ഞപ്പോൾ ലോകത്തിലെ രാജാവാണ് താനെന്ന് തോന്നിയെന്നും രൺവീർ സിംഗ് വ്യക്തമാക്കി.
അതേസമയം ദീപിക പദുകോൺ വിവാഹത്തിന് സമ്മതിച്ചെങ്കിലും നടിയുടെ മാതാപിതാക്കളുടെ പ്രതികരണം എന്താകുമെന്നതിൽ തനിക്ക് ആകാംക്ഷയുണ്ടായിരുന്നെന്നും രൺവീർ സിംഗ് പറയുന്നു. പ്രൊപ്പോസ് ചെയ്ത സംഭവത്തെക്കുറിച്ച് ദീപിക അമ്മയോട് പറയവെ താൻ മുറിയുടെ അടുത്ത് പോയി അവരുടെ സംസാരത്തിന് കാതോർത്തു.അവൻ എന്നെ പ്രൊപ്പോസ് ചെയ്തു, ഞാൻ സമ്മതം പറഞ്ഞെന്ന് ദീപിക. ഉടനെ ആരാണവൻ?, അവൻ പ്രൊപ്പോസ് ചെയ്തിട്ട് നീ യെസ് പറഞ്ഞോയെന്ന് അമ്മ ഞെട്ടലോടെ ചോദിച്ചതും രൺവീർ ഓർത്തു. ദീപികയുടെ അമ്മയുടെ മനസിൽ സ്ഥാനം കണ്ടെത്താൻ തനിക്കൊരുപാട് ശ്രമിക്കേണ്ടി വന്നെന്നും ഇപ്പോൾ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാളാണ് താനെന്നും രൺവീർ സിംഗ് വ്യക്തമാക്കി.
ഉജ്ജ്വല പദുകോൺ എന്നാണ് ദീപികയുടെ അമ്മയുടെ പേര്. നിഷ പദുകോൺ എന്ന സഹോദരിയും ദീപികയ്ക്കുണ്ട്. രൺവീറുമായുള്ള ബന്ധം ആദ്യം താൻ ഗൗരവത്തിലെടുത്തില്ലെന്ന് ദീപിക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി പ്രണയത്തിലാകുന്നത്.മുൻബന്ധത്തിൽ പൂർണവിശ്വാസമർപ്പിച്ചിട്ടും നടി വഞ്ചിക്കപ്പെടുകയാണുണ്ടായത്. അതിനാൽ വീണ്ടും ഇതാവർത്തിക്കപ്പെടാതിരിക്കാൻ ദീപിക ശ്രദ്ധിച്ചിരുന്നു. എന്നാൽ പിന്നീട് രൺവീർ സിംഗുമായി കടുത്ത പ്രണയത്തിലായതോടെ നടി വിവാഹത്തിന് തയ്യാറായി. വിഷാദരോഗം കാരണം ദീപിക ബുദ്ധിമുട്ടിയ കാലത്ത് ആശ്വാസമായി രൺവീർ ഒപ്പമുണ്ടായിരുന്നു.
കരിയറിലെ തിരക്കേറിയ സമയത്താണ് ദീപികയും രൺവീറും ഇന്നുള്ളത്. ഇന്ത്യയിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിമാരിലൊരാളാണ് ദീപിക. പഠാൻ എന്ന സിനിമയ്ക്ക് ശേഷം ജവാനിൽ അതിഥി വേഷത്തിലെത്തിയും നടി പ്രേക്ഷക പ്രീതി നേടി. ഫൈറ്റർ, കൽക്കി എഡി 2898 എന്നിവയാണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന സിനിമകൾ. രൺവീർ സിംഗിനും തിരക്കേറുകയാണ്.ഒടുവിൽ പുറത്തിറങ്ങിയ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമ വൻ വിജയം നേടി.