Actress
എന്റെ മകള്‍ക്ക് ഒരു സഹോദരനെ നല്കാന് കഴിയാത്തത് ഓര്‍ത്ത് വിഷമമുണ്ട്; റാണി മുഖര്‍ജി
എന്റെ മകള്‍ക്ക് ഒരു സഹോദരനെ നല്കാന് കഴിയാത്തത് ഓര്‍ത്ത് വിഷമമുണ്ട്; റാണി മുഖര്‍ജി
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് റാണി മുഖര്‍ജി. അടുത്തിടെ ഒരു അഭിമുഖത്തില്‍, തനിക്ക് ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും, ഒരിക്കല്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതായും റാണി മുഖര്‍ജി വെളിപ്പെടുത്തിയിരുന്നു. ഇനി മകള്‍ക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്കാന് തനിക്ക് സാധിക്കില്ലെന്ന് ഓര്‍ത്ത് വിഷമമുണ്ടെന്നും റാണി പറഞ്ഞു.
‘ഏകദേശം ഏഴു വര്‍ഷത്തോളം ഞാന്‍ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചു. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസ്സായി. അവള്‍ക്ക് ഒന്നോ ഒന്നരയോ വയസ്സുള്ളപ്പോള്‍, ഞാന്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായി. പക്ഷേ, എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. അത് എനിക്ക് ഒരു പരീക്ഷണ സമയമായിരുന്നു. മാത്രമല്ല ഞാന്‍ ഇപ്പോള്‍ ചെറുപ്പമല്ല.
എനിക്ക് 46 വയസ്സ് തികയാന്‍ പോകുന്നു, ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള പ്രായമല്ല. എന്റെ മകള്‍ക്ക് ഒരു സഹോദരനെ നല്കാന് കഴിയാത്തത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ള കാര്യമാണ്, അത് എന്നെ ശരിക്കും വേദനിപ്പിക്കുന്നു.
പക്ഷെ നമ്മള് എപ്പോഴും നമുക്ക് ലഭിച്ച കാര്യങ്ങളില്‍ സന്തോഷിക്കണം. അധിര ഒരു ‘മിറാക്കിള്‍ ചൈല്‍ഡ്’ ആണ്. അവളെ എനിക്ക് കിട്ടിയതില്‍ ഞാന്‍ ഒത്തിരി സന്തോഷവതിയാണ്. ഞാന്‍ ഇപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു. ആദിര മതിയെന്ന് ഞാന്‍ എന്നോട് തന്നെ പറയും,’ റാണി മുഖര്‍ജി പറഞ്ഞു.
കോവിഡ് കാലത്ത് തനിക്ക് ഒരു കുട്ടിയെ ഗര്‍ഭാവസ്ഥയില്‍ നഷ്ടപ്പെട്ടതായും റാണി മുഖര്‍ജി വെളിപ്പെടുത്തി. തന്റെ ഒരു ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഇത് സംഭവിച്ചതെന്നും താന്‍ ആരോടും ഇതേപറ്റി സംസാരിച്ചില്ലെന്നും റാണി കൂട്ടിച്ചേര്‍ത്തു. 2014ലാണ് റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വര്‍ഷമാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.
