രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട് ;ആ കഷ്ടപ്പാടുകള്‍ നമ്മളുടെ ആവശ്യമായിരുന്നു; രമേശ് പിഷാരടി
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്ര
ഇപ്പോഴിതാ എല്ലാവരേയും ചിരിപ്പിക്കുന്നതിന് പിന്നിലുള്ള കഷ്ടപ്പാടുകളെക്കുറിച്ച് മനസ് തുറക്കുകയാണ് പിഷാരടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. കഷ്ടപ്പെട്ടാണോ ഇവിടെ വരെ എത്തിയതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെ
ഈയ്യൊരു ഏരിയയില്‍ പെട്ട കഥകള്‍ അധികം എവിടേയും പറയാത്തത് കൊണ്ടാണ്. ഞാന്‍ സലീം കുമാറേട്ടന്റെ ട്രൂപ്പില്‍ നാല് വര്‍ഷം കളിച്ചു. അത് കഴിഞ്ഞ് വേറേയും ട്രൂപ്പുകളില്‍ കളിച്ചു. ഒരുപാട് സ്‌റ്റേജ് ഷോകളും ചാനല്‍ പരിപാടികളും അവതരിപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു ടിവി ഷൂട്ടിംഗ് അവിടെ പോയി ഷൂട്ട് ചെയ്ത് വന്ന് സ്‌റ്റേജ് പരിപാടിയ്ക്ക് പോകും. സലീമേട്ടന്റെ ട്രൂപ്പായതിനാല്‍ തരക്കേടില്ലാത്തൊരു ട്രാവലര്‍ എങ്കിലും ഉണ്ട്.
എനിക്ക് കുറേനാള്‍ നടുവേദനയുടെ പ്രശ്‌നമുണ്ടായിരുന്നു. ട്രൂപ്പിന്റെ വണ്ടിയില്‍ ഏറ്റവും പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. പുതിയ പിള്ളേര്‍ അങ്ങനെയേയിരിക്കുകയുള്ളൂ. അതിന്റെ ബാക്കില്‍ ഡിക്കി തുറന്ന് മൈക്കൊക്കെ കേറ്റി വച്ചിട്ടുണ്ടാകും. അതിനാല്‍ താഴെ ഒരിക്കലും ലെവലായിരിക്കില്ല. കാല് നേരെ വെക്കാനാകില്ല. അതിന്റെ കൂടെ തൊട്ടടുത്ത സീറ്റ് വളരെ അടുത്തായിരിക്കും. അതിനാല്‍ കാല് മടക്കി വച്ചേ ഇരിക്കാന്‍ പറ്റുകയുള്ളൂ. എനിക്ക് കാലിന് അല്‍പ്പം നീട്ടം കൂടുതലാണ്. മൂന്ന് വര്‍ഷം കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരമൊക്കെ യാത്ര ചെയ്തത് അങ്ങനെയാണ്.
ഷോ കഴിഞ്ഞ് എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ട്രെയിനില്‍ ഉറങ്ങിപ്പോയിട്ട് നാഗര്‍കോവില്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്. പിന്നെ ഞാന്‍ അതൊന്നും കഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതൊക്കെ ആസ്വദിച്ചിട്ടുള്ളതും ആഗ്രഹിച്ചിട്ട് ചെയ്തതുമാണ്. നമ്മളോട് ആരും പറഞ്ഞിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ നിന്നോട് ആരെങ്കിലും ഇത് ചെയ്യാന്‍ പറഞ്ഞോ എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ. ആ കഷ്ടപ്പാടുകള്‍ നമ്മളുടെ ആവശ്യമായിരുന്നു. പിന്നീട് അതിനെ സ്ട്രഗിള്‍ എന്ന് വിളിക്കാന്‍ പറ്റുകയില്ല.
നമ്മള്‍ക്ക് ആരുമില്ലല്ലോ. നമ്മള്‍ തന്നെ വേണം എല്ലാം ചെയ്യാന്‍. എത്ര എപ്പിസോഡുകള്‍ക്കും, മണിക്കൂറുകള്‍ക്കും കണ്ടന്റ് ഉണ്ടാക്കണ്ടേ? വെറുതെ ഒരു ഊഹമെടുത്തപ്പോള്‍ എതാണ്ട് ഒരു മൂവായിരം സ്‌റ്റേജും ടിവി പരിപാടികളും വരും പത്ത് രണ്ടായിരത്തി അഞ്ഞൂറെണ്ണം. അത്രയും കണ്ടന്റ് ഉണ്ടാക്കണം. ഇത്രയും ചെയ്തത് ഭാഗ്യമാണ്. പക്ഷെ ഇത്രയെണ്ണത്തിനും ആളുകളെ രസിപ്പിക്കുന്ന കണ്ടന്റുണ്ടാക്കണം, തെക്ക് വടക്ക് യാത്ര ചെയ്തിട്ടാണ് ഇതൊക്കെ ചെയ്യുന്നതും. അതൊക്കെ ഇതിന്റെ ഭാഗമാണ്.
കൊല്ലത്തില്‍ രണ്ടോ മൂന്നോ സിനിമകളേ ചെയ്യാറുള്ളൂ. അതില്‍ കൂടുതലൊന്നും കിട്ടാറില്ല. പിന്നെ നമ്മള്‍ തന്നെ സംവിധാനത്തിലേക്ക് വന്നു. കിട്ടുന്നത് ചെയ്യുന്നു എന്നേയുള്ളൂ. ഈ കഥാപാത്രം ചെയ്യണം എന്നൊക്കെ ആഗ്രഹിച്ചാല്‍ വെറുതെ പറയാം എന്നല്ലാതെ വരുന്നത് അനുസരിച്ച് ചെയ്യും. പക്ഷെ കറങ്ങിതിരിഞ്ഞ് നമ്മള്‍ ഇവിടൊക്കെ തന്നെയുണ്ട് എന്നാണ് പിഷാരടി പറയുന്നത്.
തന്റെ കല്യാണത്തെക്കുറിച്ചും അഭിമുഖത്തില്‍ പിഷാരടി സംസാരിക്കുന്നുണ്ട്. പൂനെക്കാരിയായ സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ലെന്നും പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നുമാണ് പിഷാരടി പറയുന്നത്. പൂനെയില്‍ താനും ധര്‍മ്മജനും കൂടിയാണ് പെണ്ണുകാണാന്‍ പോയതെന്നും പോയത് തന്നെ ഓക്കെ പറയാന്‍ തയ്യാറായിട്ടായിരുന്നുവെന്നുമാണ് പിഷാരടി പറയുന്നത്. അന്ന് ധര്‍മജന്‍ തന്റെ നമ്പര്‍ പെണ്ണിന് നല്‍കിയത് തെറ്റിപ്പോയെന്നും പിഷു ഓര്‍ക്കുന്നുണ്ട്.
